നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ
————————————-
ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ സംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ ഉറച്ചുപോരാടിയ നിഷാ കുമാരി ഭഗത് എന്ന യുവ ആക്ടിവിസ്റ്റിന്റെ ദാരുണമായ വേർപാട് ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിക്ക് മേൽ വീണ കറുത്ത നിഴൽ തന്നെയാണ്.
മതപരിവർത്തനത്തിനെതിരെ പോരാടിയ ആ വനവാസി സനാതനി സഹോദരി വിടപറയുന്നതിന് മുമ്പ് ഈ ലോകത്തോട് പറഞ്ഞത്:
“സർണാ സമൂഹമോ സനാതന സമൂഹമോ ആരും എനിക്ക് പിന്തുണ നൽകിയില്ല. ഈ ധർമ്മയുദ്ധത്തിൽ എന്നെ തനിച്ചാക്കി” എന്നാണ്.
താൻ ജീവനുതുല്യം സ്നേഹിച്ച സമുദായവും ധർമ്മവും തന്നെ തനിച്ചാക്കിയെന്ന കടുത്ത നിരാശയിൽ, കണ്ണീരോടെ വിടപറയേണ്ടി വന്ന ഒരു ആദിവാസി പെൺകുട്ടിയുടെ വാക്കുകൾ ഏതൊരു മനസ്സാക്ഷിയുള്ള വ്യക്തിയെയും ഉലയ്ക്കുന്നതാണ്. അനാഥമാക്കപ്പെട്ടത് ഒരു വ്യക്തി മാത്രമല്ല, ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങൾ കൂടിയാണ്.
പ്രാദേശിക ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഗുരുതരമായ അനാസ്ഥ
———————————-
തന്റെ ജീവന് ഭീഷണിയുണ്ടെന്നും, ഭൂമാഫിയകളും മതപരിവർത്തന ശക്തികളും തന്നെ നിരന്തരം വേട്ടയാടുന്നുണ്ടെന്നും കാണിച്ച് നിഷാ ഭഗത് പ്രാദേശിക ഭരണകൂടത്തെയും പോലീസിനെയും പലതവണ സമീപിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പ്രാദേശിക ഭരണകൂടവും പൊലീസും ഈ പരാതികളെ പൂർണ്ണമായി അവഗണിക്കുകയാണുണ്ടായത്. ഹേമന്ത് സോറൻ്റെയും കോൺഗ്രസിൻ്റെയും ഭരണകൂടനിലപാടുകളിൽ – മതപരിവർത്തന പ്രീണന നിലപാടുകളിൽ – നിന്നും തീർത്തും ഭിന്നമായിരുന്നില്ല ഇപ്പോൾ അവരുടെ മരണത്തിൽ CBI അന്വേഷണം ആവശ്യപ്പെടുന്ന ബിജെപി അടക്കമുള്ളവരുടെ നിലപാടുകളും എന്നത് ശ്രദ്ധേയമാണ്.
ആയിരക്കണക്കിന് ആളുകൾ കണ്ട ആത്മഹത്യാസൂചന നൽകുന്ന ആ ഫേസ്ബുക്ക് ലൈവ് വീഡിയോ പുറത്തുവന്നിട്ടും, സമയബന്ധിതമായി ഇടപെടാനോ അവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനോ ആരും തയ്യാറായില്ല. ഉന്നതരായ ഭൂമാഫിയകളുടെയും രാഷ്ട്രീയ സ്വാധീനമുള്ള മതപരിവർത്തന ശക്തികളുടെയും സമ്മർദ്ദങ്ങൾക്ക് മുൻപിൽ പ്രാദേശികഭരണകൂടം കണ്ണടച്ചു കൊടുത്തതാണ് ഈ ജീവൻ നഷ്ടപ്പെടാൻ കാരണം.
പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന പിതോരിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് മാത്രമല്ല ഈ മരണത്തിന്റെ ഉത്തരവാദിത്തമുള്ളത്. ഉത്തരേന്ത്യയിൽ നടക്കുന്ന മതപരിവർത്തനഭീകരതയ്ക്ക് കേരളത്തിൽ നിന്നും അടക്കം വെള്ളവും വളവും സംരക്ഷണവും ഉറപ്പു വരുത്താൻ പെടാപ്പാട് പെടുന്നവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഉത്തരവാദിത്തം.
കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ മത പരിവർത്തനശക്തികളെ കേസിൽ നിന്നും ഊരി കൊണ്ടുവരാൻ ഉത്സാഹിച്ച കേരളാ ബിജെപി പ്രസിഡൻ്റും കൂട്ടരും ഈ അവസരത്തിൽ സ്മരിക്കപ്പെടേണ്ടവരാണ്.
വികസനത്തിന്റെയും മതംമാറ്റത്തിന്റെയും ഇടയിൽ നശിക്കുന്ന ആദിവാസി സ്വത്വം
————————————-
ജാർഖണ്ഡിലെ ഗുംല ജില്ലയിൽ നിന്നുള്ള ഉറാവ് (Oraon) ആദിവാസി വിഭാഗത്തിൽപ്പെട്ട നിഷാ ഭഗത്, തന്റെ ജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളായ മതപരിവർത്തനത്തിനുംഭൂമി കയ്യേറ്റത്തിനും ചൂഷണത്തിനുമെതിരെ നിരന്തരം ശബ്ദമുയർത്തിയ ധീരയായ പോരാളിയായിരുന്നു. ആദിവാസികളുടെ പരമ്പരാഗതമായ വിശ്വാസങ്ങളും സംസ്കാരവും സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച അവരെ, പ്രദേശത്തെ ഭൂമാഫിയകളും രാഷ്ട്രീയ ഒത്താശയുള്ള മത പരിവർത്തന ശക്തികളും വേട്ടയാടുകയായിരുന്നു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതെ വന്നപ്പോൾ, താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്നോ സമൂഹത്തിൽ നിന്നോ പിന്തുണ ലഭിച്ചില്ലെന്ന അവരുടെ അവസാനത്തെ വിലാപം, വടക്കേ ഇന്ത്യൻ ആദിവാസി മേഖലകളിൽ നടക്കുന്ന “Outreach” കളികളുടെ ഭീകരമായ വശം വെളിപ്പെടുത്തുന്നു.
കേവലം വോട്ട് ബാങ്ക് രാഷ്ട്രീയവും സ്ഥാപിത താല്പര്യങ്ങളും
——————————-
സ്ഥാപിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി, ഇരകളായ മണ്ണിന്റെ മക്കളെ കൊലയ്ക്ക് കൊടുക്കുന്ന നടപടികൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബി.ജെ.പി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ നേതൃത്വവും ഉന്നത നേതാക്കളും കേവലം താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കോ വോട്ട് ബാങ്ക് വ്യാപിപ്പിക്കുന്നതിനോ വേണ്ടി നടത്തുന്ന ക്രിസ്ത്യൻ Outreach പ്രോഗ്രാമുകൾ, താഴെത്തട്ടിൽ സ്വത്വ സംരക്ഷണത്തിനായി പോരാടുന്ന സ്വന്തം ആദിവാസി സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്.
ഉത്തരേന്ത്യൻ ആദിവാസി മേഖലകളിൽ നടക്കുന്ന നിയമവിരുദ്ധ മതപരിവർത്തന വാദികൾക്കും ഭൂമാഫിയകൾക്കും രാഷ്ട്രീയമായി വഴിവിട്ട സഹായങ്ങളോ സംരക്ഷണമോ നൽകുന്നത്, നിഷയെപ്പോലുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ നിശബ്ദ രക്തസാക്ഷിത്വത്തിന് കാരണമാകുന്നു. ആദിവാസികളുടെ മണ്ണും സംസ്കാരവും സംരക്ഷിക്കാൻ നിലകൊള്ളേണ്ടവർ, തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി ഇത്തരം ശക്തികൾക്ക് ചൂട്ടുപിടിക്കുന്നത് യുക്തിഭദ്രമായ രാഷ്ട്രീയ നിലപാടല്ല, മറിച്ച് ധാർമ്മികമായ വഞ്ചനയാണ്.
ക്രിസ്തീയ സഭകളും തിരിച്ചറിയേണ്ട യാഥാർത്ഥ്യം
——————————-
അതുപോലെ തന്നെ, ആദിവാസി മേഖലകളിൽ ജീവകാരുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവിൽ നടക്കുന്ന മതപരിവർത്തന നീക്കങ്ങളിൽ നിന്ന് ക്രിസ്തീയ സഭകളും പിന്മാറേണ്ടതുണ്ട്. ഇത്രയും കാലം ചെയ്തു എന്നത് ഇനിയും ചെയ്യാനുള്ള അവകാശം അല്ല. ഇതിനു വിരാമബിന്ദു അനിവാര്യമാണ്. ഒരു ജനതയുടെ പരമ്പരാഗത സംസ്കാരത്തെയും സനാതന മൂല്യങ്ങളെയും തകർത്ത് അവരെ സ്വന്തം മണ്ണിൽ നിന്ന് വംശീയമായും സാംസ്കാരികമായും അന്യവൽക്കരിക്കുന്നത് സേവനമല്ല. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ഇത്തരം നീക്കങ്ങൾ പ്രാദേശികമായി വലിയ ചേരിതിരിവുകൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുന്നു എന്നതിന് തെളിവാണ് ഇത്തരം ദാരുണ സംഭവങ്ങൾ.
വഴിത്തിരിവാകേണ്ട പോരാട്ടം
————————————
നിഷാ ഭഗതിന്റെ മരണത്തിന് കാരണക്കാരായ പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥർക്കും കുറ്റവാളികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും വില കൽപ്പിക്കാത്ത ഇത്തരം ഭരണസംവിധാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
തങ്ങളെ സംരക്ഷിക്കും എന്ന് കരുതിയ പ്രസ്ഥാനങ്ങളും ഭരണകൂടവും കൈവിട്ടപ്പോൾ സ്വയം ഇല്ലാതാകേണ്ടി വന്ന നിഷാ ഭഗത് ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്. ആദിവാസികളുടെ വോട്ട് മാത്രം ലക്ഷ്യമാക്കാതെ – അവരെ മതം മാറ്റുന്നവരുടെ സംഘടിതവോട്ടുബാങ്കിൽ മാത്രമായി കണ്ണു വെക്കാതെ – അവരുടെ സംസ്കാരവും ഭൂമിയും ജീവനും സംരക്ഷിക്കുന്ന യഥാർത്ഥ പിന്തുണ നൽകാൻ രാഷ്ട്രീയ നേതൃത്വങ്ങളും പ്രാദേശിക ഭരണകൂടങ്ങളും തയ്യാറാകണം. ആദിവാസി സംസ്കാരത്തിന്റെ വീണ്ടെടുപ്പിനായി ജീവൻ വെടിഞ്ഞ ആ ധീര വനിതയുടെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലി.











