ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിലും ഒഴിവാക്കിയതിലും കടുത്ത ആശങ്കയും രോഷവും പ്രകടിപ്പിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ സുരക്ഷ പകുതിയായി കുറയ്ക്കുകയും ബി.ജെ.പി നേതാവ് എം.ടി. രമേശിന്റെ സുരക്ഷ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്ത നടപടിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ടീച്ചർ ആരോപണങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്ത് വീണ്ടുമൊരു മാറാട് മോഡൽ വംശഹത്യയ്ക്ക് അരങ്ങൊരുങ്ങുകയാണോയെന്ന് ന്യായമായും സംശയിക്കുന്നുവെന്ന് ശശികല ടീച്ചർ കുറിച്ചു.
2003 മേയ് രണ്ടിന് മാറാട് നടന്ന കലാപത്തിന് വഴിമരുന്നിട്ടത് അന്നത്തെ സർക്കാരും വകുപ്പുകളും ചേർന്ന് നൽകിയ ഒത്താശകളാണെന്ന് അവർ ആരോപിച്ചു. തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നതിനായി പോലീസ് ഫോഴ്‌സിനെ പിൻവലിച്ച മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയ ടീച്ചർ, നിലവിലെ ഇടത് ഭരണകൂടവും ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആർക്കോ വേണ്ടി കളം വരയ്ക്കുകയാണെന്ന് സംശയിക്കുന്നതായി വ്യക്തമാക്കി. ജീവന് കടുത്ത ഭീഷണിയുള്ള ഹിന്ദു നേതാക്കളുടെ സുരക്ഷ നീക്കുമ്പോൾ, യാതൊരു ഭീഷണിയുമില്ലാത്ത ഇടത് നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ടി.പി. രാമകൃഷ്ണൻ, എ.എൻ. ഷംസീർ തുടങ്ങിയവർക്ക് ശക്തമായ പോലീസ് സംരക്ഷണം നൽകുന്നത് വിരോധാഭാസമാണെന്നും പോസ്റ്റിൽ പരിഹസിക്കുന്നു.
രാഷ്ടത്തിന് വേണ്ടി ജീവിക്കാൻ തയ്യാറായ ഹിന്ദു നേതാക്കൾക്ക് ജീവഭയമില്ലെന്നും എന്നാൽ ഭരണകൂടം തന്നെ ഭീകരവാദികൾക്ക് അവരെ ഇരയാക്കിക്കൊടുക്കുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വത്സൻ തില്ലങ്കേരിയുടെയും എം.ടി. രമേശിന്റെയും സുരക്ഷ വെട്ടിക്കുറച്ച വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിശോധന നടത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.












