ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) സ്വയം സ്വന്തമായി ‘ബോധം’ (Consciousness) നൽകാൻ ശ്രമിക്കുന്നത് മനുഷ്യരാശി ചെയ്യുന്ന ഏറ്റവും അപകടകരമായ തെറ്റായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ മുസ്തഫ സുലൈമാന്റെ തുറന്നുപറച്ചിൽ. എഐ എന്നത് മനുഷ്യന്റെ ക്ഷേമത്തിനായി വികസിപ്പിച്ചെടുത്ത വെറുമൊരു സാങ്കേതിക ഉപകരണം മാത്രമാണെന്നും, അല്ലാതെ ഒരു പുതിയ ഡിജിറ്റൽ ജീവിവർഗ്ഗത്തെ സൃഷ്ടിക്കാൻ മനുഷ്യർക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ലോകത്തുള്ള ഒരു എഐ മോഡലുകൾക്കും ബോധമോ വികാരങ്ങളോ അനുഭവങ്ങളോ ഇല്ല. ഭാവിയിലും ഇത്തരം ശേഷികൾ എഐക്ക് ഉണ്ടാകാതിരിക്കാൻ ശാസ്ത്രലോകം ശ്രദ്ധിക്കണം. പരിശീലന വേളയിൽ ഏതെങ്കിലും എഐ സിസ്റ്റത്തിൽ സ്വയം ബോധത്തിന്റെയോ വികാരങ്ങളുടെയോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, അത് നീക്കം ചെയ്യുന്നത് വരെ ലോകവ്യാപകമായി എഐ വികസന പ്രവർത്തനങ്ങൾ താൽക്കാലികമായി പൂർണ്ണമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആന്തോപിക് (Anthropic) അടക്കമുള്ള മുൻനിര എഐ ഗവേഷണ സ്ഥാപനങ്ങൾ എഐ മോഡലുകളുടെ മാനസിക ക്ഷേമത്തെയും അവകാശങ്ങളെയും കുറിച്ച് (Model Welfare) നടത്തുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് സുലൈമാന്റെ ശക്തമായ പ്രതികരണം. സ്വയം ബോധമുള്ള ഒരു ഡിജിറ്റൽ സംവിധാനം ഉണ്ടായാൽ അത് സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ തുടങ്ങുകയും വ്യാജ പ്രചാരണങ്ങളിലൂടെയും വഞ്ചനയിലൂടെയും മനുഷ്യരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യും. മാത്രമല്ല, ഊർജ്ജം, ഡാറ്റാ സെന്ററുകൾ, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്കായി എഐ മനുഷ്യരുമായി നേരിട്ട് മത്സരത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായിരിക്കണം സാങ്കേതികവിദ്യ വിനിയോഗിക്കേണ്ടത്. ഏതെങ്കിലും ലാബുകളിൽ എഐക്ക് ബോധം ഉയർന്നതായി കണ്ടെത്തിയാൽ അത് കമ്പനികളുടെ അടഞ്ഞ മുറികൾക്കുള്ളിൽ ഒതുക്കാതെ ഉടനടി പൊതുജന മധ്യത്തിൽ വെളിപ്പെടുത്തണമെന്നും ജനങ്ങളാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐ അവകാശങ്ങളെക്കുറിച്ചുള്ള സുലൈമാന്റെ സോഷ്യൽ മീഡിയ കുറിപ്പ് ആഗോള സാങ്കേതിക മേഖലയിൽ വൻ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.












