സി.ആർ.പി.എഫിന്റെ (CRPF) ചരിത്രത്തിൽ നാഴികക്കല്ലായി പുതിയ നേട്ടം. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തുടനീളം നടന്ന ഒരു സൈനിക ഓപ്പറേഷനിലും ഒരൊറ്റ ജവാനും വീരമൃത്യു വരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സി.ആർ.പി.എഫ് രൂപീകരിച്ച് 47 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം സേന സ്വന്തമാക്കുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലും ഭീകരവിരുദ്ധ പോരാട്ടങ്ങളിലും മുൻനിരയിൽ നിൽക്കുന്ന സേനയ്ക്ക് ഇത് വലിയൊരു അംഗീകാരമാണ്. 2025 ഒക്ടോബർ 30നാണ് അവസാനമായി സിആർപിഎഫ് ഉദ്യോഗസ്ഥൻ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടത്. 1979 ജനുവരിയിൽ അവസാനിച്ച സമാനമായ കാലയളവിന് ശേഷമാണ് ഇപ്പോൾ ഈ നേട്ടം ആവർത്തിക്കുന്നത്. സിആർപിഎഫ് ഡയറക്ടർ ജനറൽ ജി.പി. സിങ് ആണ് ഇക്കാര്യം അറിയിച്ചത്.
ആധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും മെച്ചപ്പെട്ട പരിശീലനവും കൃത്യമായ പ്രവർത്തന ആസൂത്രണവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണങ്ങളെന്ന് സിആർപിഎഫ് മേധാവി വ്യക്തമാക്കി. പരിക്കേൽക്കുന്ന സൈനികരെ അതിവേഗം വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും സേന പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതിനായി പ്രതിവർഷം ശരാശരി 75 മുതൽ 80 വരെ എയർ ആംബുലൻസ് സർവീസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റ ശേഷമുള്ള മണിക്കൂറുകളും ദിവസങ്ങളും ജീവനുകൾ രക്ഷിക്കുന്നതിൽ നിർണായകമാണെന്ന് മുൻകാല മരണങ്ങളുടെ വിലയിരുത്തലിലൂടെ സേന തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ എയിംസ് ട്രോമ സെന്റർ ഉൾപ്പെടെയുള്ള ഉയർന്ന ചികിത്സാ കേന്ദ്രങ്ങളിലേക്ക് പരിക്കേറ്റവരെ വേഗത്തിൽ എത്തിക്കുന്ന സംവിധാനം ശക്തമാക്കി.
മാവോയിസ്റ്റ് ആക്രമണങ്ങൾ കുറഞ്ഞതും രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും ഈ നേട്ടത്തിന് സഹായകമായിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും സിആർപിഎഫ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 3.25 ലക്ഷം അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര സായുധ പൊലീസ് സേനയാണ് സിആർപിഎഫ്. 2025ൽ പ്രവർത്തന ദൗത്യങ്ങൾക്കിടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടിരുന്നു. 2010ലെ ദന്തേവാഡ ആക്രമണത്തിൽ 76 സിആർപിഎഫ് അംഗങ്ങൾ കൊല്ലപ്പെട്ടത് സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഒരു വർഷം തുടർച്ചയായി മരണങ്ങളില്ലാതെ പ്രവർത്തിച്ച സേനയുടെ നേട്ടം ഏറെ അർത്ഥവത്താണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.












