പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ലഡാക്ക് ആക്ടിവിസ്റ്റുമായ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ട് ലഡാക്ക് ഭരണകൂടം. ആവശ്യമായ നിയമപരമായ അനുമതികളും അംഗീകാരങ്ങളും ഇല്ലാതെയാണ് ലേയിലെ ഫിയാങ്ങിൽ ‘ഡെസേർട്ട് ഫ്ലവർ സ്‌കൂൾ’ (Desert Flower School) പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ലേ തഹസിൽദാർ സ്കൂൾ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
സോനം വാങ്‌ചുക് സ്ഥാപിച്ച ‘ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്’ (HIAL) എന്ന പ്രസ്ഥാനത്തിന് കീഴിലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. HIAL സി.ഇ.ഒ ഡോ. ഗീതാഞ്ജലി ജെ. ആങ്‌മോയ്ക്കാണ് ലേ തഹസിൽദാർ ഔദ്യോഗികമായി ഉത്തരവ് നൽകിയത്. സ്കൂൾ മാനേജിംഗ് കമ്മിറ്റിക്ക് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (NOC) നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് മാനേജ്‌മെന്റ് ലേ ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തയച്ചിരുന്നത്. എന്നാൽ ഭരണകൂടത്തിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ അനധികൃതമായി ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നിലവിൽ ഭൂമി സംബന്ധിച്ച വിഷയം ജമ്മു കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കേസിൽ അന്തിമ വിധി വരുന്നത് വരെ യാതൊരു വിധ തുടർനടപടികളും നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നും നിലവിലുള്ള അവസ്ഥ (Status quo) തുടരണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലഡാക്കിലെ ഭരണഘടനാ അവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി സോനം വാങ്‌ചുക് സമരം ശക്തമാക്കിയ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം ലഡാക്കിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.












