കൊച്ചി: ബിസിനസ്സുകാരനായ ആന്റണി തട്ടിലുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചും, വിവാഹത്തിന് മുൻപ് വീട്ടിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വെളിപ്പെടുത്തി പ്രിയ നടി കീർത്തി സുരേഷ്. 15 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട ആന്റണിയെ വിവാഹം കഴിച്ചപ്പോൾ കുടുംബത്തിൽ നിന്ന് നേരിടേണ്ടിവന്ന എതിർപ്പുകളെക്കുറിച്ചാണ് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്.
2009 ഡിസംബറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും 2010 ജനുവരിയിൽ പ്രണയം ആരംഭിക്കുന്നതും. പ്ലസ് ടു പഠനത്തിന് ശേഷമായിരുന്നു ഇത്. തങ്ങൾ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതുകൊണ്ടുതന്നെ വീട്ടിൽ ഇതിനെച്ചൊല്ലി വലിയ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നതായി കീർത്തി വെളിപ്പെടുത്തി. കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങിച്ചെടുക്കാൻ കുറച്ചധികം സമയമെടുത്തു എന്നും നടി കൂട്ടിച്ചേർത്തു.
കോളേജിൽ പഠിക്കുന്ന സമയത്ത് അമ്മയും പ്രശസ്ത നടിയുമായ മേനക തന്റെ സ്വകാര്യ ഡയറി വായിച്ചതിനെക്കുറിച്ചും കീർത്തി രസകരമായി പങ്കുവെച്ചു. ഡയറിയിൽ പ്രണയത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു. “ഞാൻ നിന്റെ അമ്മയാണ്, എനിക്ക് നിന്റെ ഡയറി വായിക്കാം” എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഈ സംഭവത്തിനുശേഷം ഡയറി എഴുതുന്ന ശീലം തന്നെ താൻ അവസാനിപ്പിച്ചെന്നും, ആ ഡയറി അമ്മ കത്തിച്ചുകളഞ്ഞിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്നും നടി തമാശയായി പറഞ്ഞു.
നീണ്ട 15 വർഷത്തെ പ്രണയത്തിനൊടുവിൽ 2024 ഡിസംബറിലായിരുന്നു കീർത്തിയും ആന്റണിയും വിവാഹിതരായത്. സിനിമയിലെത്തി പ്രശസ്തയാകുന്നതിന് മുൻപേ തങ്ങളെ പരസ്പരം അറിയാമായിരുന്നുവെന്നും ഒന്നിച്ചാണ് വളർന്നതെന്നും കീർത്തി ഓർത്തെടുത്തു.












