തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ബ്രാൻഡ് അംബാസഡർമാരായി മുൻനിര ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനെയും പൃഥ്വിരാജിനെയും നിയമിച്ചു. വനസംരക്ഷണം, വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും സർഗ്ഗാത്മകവും സാംസ്കാരികവുമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് താരങ്ങളെ അംബാസഡർമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
മറ്റ് പല സർക്കാർ വകുപ്പുകൾക്കും ബ്രാൻഡ് അംബാസഡർമാർ ഉണ്ടെങ്കിലും വനം വകുപ്പിൽ ഇത്തരമൊരു നിയമനം ആദ്യമായാണ് നടക്കുന്നത്. വനം വകുപ്പിന് എന്തിനൊരു അംബാസഡർ എന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് വകുപ്പിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് പുറത്തുവന്നത്.
കാടിന്റെയും കാട്ടുമൃഗങ്ങളുടെയും കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെയും സംരക്ഷണവും വനസൗന്ദര്യത്തിന്റെ പ്രചാരണവുമാണ് പ്രധാന ലക്ഷ്യം. ജനപ്രിയ ചലച്ചിത്ര മാധ്യമത്തെയും താരങ്ങളുടെ സ്വാധീനത്തെയും ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ സംസ്ഥാനത്തെ ഇക്കോ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഏഴ് പ്രധാന പ്രവർത്തന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും അംബാസഡർമാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക.












