മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് നടത്തുന്ന ‘സത്യ സനാതൻ സ്വാഭിമാൻ യാത്ര’യ്ക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഗുണ ജില്ലയിലൂടെ പദയാത്ര കടന്നുപോകവേ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. സനാതന ധർമ്മം എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ലോക നന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, വെറുപ്പ് പ്രചരിപ്പിക്കുന്നതാണ് ഹിന്ദുത്വമെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, രാഷ്ട്രീയ സ്വയംസേവക് സംഘത്തെയും (ആർഎസ്എസ്) വിശ്വഹിന്ദു പരിഷത്തിനെയും (വിഎച്ച്പി) വിമർശിച്ച അദ്ദേഹം, സവർക്കറുടെ ആശയങ്ങളാണ് ഈ സംഘടനകൾ മുന്നോട്ടുവയ്ക്കുന്നതെന്നും ആരോപിച്ചു.
ഉജ്ജയിനിൽ നിന്ന് അയോധ്യയിലേക്ക് ഏകദേശം 930 കിലോമീറ്റർ ദൈർഘ്യത്തിൽ നടത്തുന്ന പദയാത്രയുടെ ഭാഗമായാണ് ദിഗ്വിജയ് സിങ് ഗുണയിലെത്തിയത്. ഏകദേശം 70 ദിവസം നീളുന്ന യാത്രയ്ക്ക് സത്യ സനാതന സ്വാഭിമാൻ യാത്ര എന്നാണ് പേര് നൽകിയിരിക്കുന്നത്. മതത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സനാതന ധർമ്മത്തിന്റെ പേരിൽ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളുടെ കണക്കുകളിൽ സുതാര്യത വേണമെന്ന ആവശ്യവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. ക്ഷേത്രത്തിന്റെ പേരിൽ ശേഖരിച്ച പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിശദമായ കണക്ക് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിഗ്വിജയ് സിംഗിന്റെ പ്രതികരണം പുറത്തുവന്നതോടെ ബി.ജെ.പിയും തീവ്ര ഹൈന്ദവ സംഘടനകളും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
സനാതന ധർമ്മത്തെയും ഹിന്ദു സമൂഹത്തെയും അപമാനിക്കാനാണ് ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നതെന്നും ഭരണകക്ഷി കുറ്റപ്പെടുത്തി.










