ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന. താഴ്വരയിൽ ഭീകരപ്രവർത്തനം നടത്തുന്ന കുപ്രസിദ്ധരായ നാല് ഭീകരരുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഭീമൻ ഫ്ലക്സ് ബോർഡുകൾ ശ്രീനഗറിലെ ലാൽ ചൗക്കിന് സമീപം പ്രതാപ് പാർക്കിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടു. സുരക്ഷാ ഏജൻസികൾ സ്ഥാപിച്ച ഈ ബോർഡുകളിലൂടെ ഭീകരരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ അനന്ത്നാഗിൽ പൊലീസുകാരനെയും കുൽഗാമിൽ രണ്ട് അതിഥിത്തൊഴിലാളികളെയും വെടിവെച്ചുകൊന്ന കേസിൽ പ്രധാന പ്രതിയായ കുൽഗാം സ്വദേശി മുഹമ്മദ് ലത്തീഫ് ഭട്ടാണ് പട്ടികയിലുള്ള പ്രമുഖൻ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഓഗസ്റ്റിൽ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് പുറമേ സോപോർ സ്വദേശികളായ ബിലാൽ അഹമ്മദ് മീർ, മുഹമ്മദ് ഉമർ മീർ, ബാരാമുള്ള സ്വദേശിയായ ആബിദ് ഖയ്യൂം ലോൺ എന്നിവരുടെ ചിത്രങ്ങളാണ് ഫ്ലക്സിലുള്ളത്. ഇതിൽ ലത്തീഫ് ഭട്ട് താഴ്വരയിൽ നേരിട്ട് സജീവമാണെന്നും ബാക്കി മൂന്ന് പേർ പാക് അധീന കശ്മീരിൽ (PoK) ഇരുന്ന് പ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നുമാണ് നിഗമനം.
“ഈ ഭീകരരുടെ നീക്കങ്ങളെക്കുറിച്ചോ സാന്നിധ്യത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. വിശ്വസനീയമായ വിവരങ്ങൾക്ക് ആകർഷകമായ പാരിതോഷികം നൽകും,” എന്ന് ഫ്ലക്സിൽ വ്യക്തമാക്കിയിട്ടുണ്ട്. താഴ്വരയിലെ ഭീകരരുടെ ശൃംഖല തകർക്കുന്നതിനും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനുമായിട്ടാണ് ലാൽ ചൗക്ക് പോലെ തിരക്കേറിയ നഗരമധ്യത്തിൽ സുരക്ഷാ സേന പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.










