കണ്ണിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളോ കാഴ്ചയിലെ മാറ്റങ്ങളോ പലപ്പോഴും ക്ഷീണം, വാർദ്ധക്യം അല്ലെങ്കിൽ കൂടുതൽ സമയം സ്ക്രീനിൽ നോക്കിയിരിക്കുന്നത് കൊണ്ടുള്ള പ്രശ്നമെന്ന് കരുതി നമ്മളിൽ ഭൂരിഭാഗം പേരും അവഗണിക്കാറാണ് പതിവ്. എന്നാൽ അന്ധതയിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ആദ്യ ലക്ഷണങ്ങൾ നിങ്ങളുടെ കണ്ണുകൾ വളരെനേരത്തെ തന്നെ കാട്ടിത്തരുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന കാഴ്ചവൈകല്യങ്ങളിൽ 90 ശതമാനത്തിലേറെയും മുൻകൂട്ടി തടയാൻ കഴിയുന്നതാണെന്നാണ് ആഗോള നേത്രരോഗ സംഘടനയായ ഓർബിസിന്റെ (Orbis India) കൺട്രി ഡയറക്ടർ ഡോ. ഋഷി രാജ് ബോറ വ്യക്തമാക്കുന്നത്.
കണ്ണിന്റെ ആരോഗ്യത്തിൽ യാതൊരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത പ്രധാന ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:
1. തുടർച്ചയായ കാഴ്ചമങ്ങലും വ്യതിയാനങ്ങളും
കൂടുതൽ സമയം കമ്പ്യൂട്ടറിലോ മൊബൈലിലോ നോക്കുമ്പോൾ കാഴ്ച താൽക്കാലികമായി മങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ കാഴ്ച കൃത്യമല്ലാതെ വ്യക്തമാവുകയും മങ്ങുകയും ചെയ്യുന്നത് പ്രമേഹത്തിന്റെ ലക്ഷണമോ (Diabetes) തിമിരത്തിന്റെ (Cataract) പ്രാരംഭ ലക്ഷണങ്ങളോ ആകാം. പ്രത്യേകിച്ച് ഒരു കണ്ണിൽ മാത്രം പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങൽ റെറ്റിനയുടെയോ ഒപ്റ്റിക് നേർവിന്റെയോ (Optic nerve) പ്രശ്നങ്ങൾ മൂലമാകാം.
2. വിട്ടുമാറാത്ത തലവേദനയും കണ്ണിന് ആയാസവും
വായിക്കുമ്പോഴോ കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴോ പതിവായി തലവേദനയോ കണ്ണിന് കടുത്ത ആയാസമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കാഴ്ചയിലെ വൈകല്യങ്ങൾ മൂലമാകാം. ഇത് ശ്രദ്ധിക്കാതെ വിട്ടാൽ കണ്ണ് വരണ്ടുപോകുന്ന അവസ്ഥ (Dry Eye Syndrome), അണുബാധകൾ അല്ലെങ്കിൽ വീക്കം എന്നിവയ്ക്ക് വഴിതുറക്കും.
3. കണ്ണിലെ ചുവപ്പും ചൊറിച്ചിലും:
പൊടിയോ അലർജിയോ കൊണ്ടാകാം എന്ന് കരുതി നാം ഒഴിവാക്കുന്ന കണ്ണിലെ വിട്ടുമാറാത്ത ചുവപ്പുനിറവും പുകച്ചിലും അത്ര നിസ്സാരമല്ല. കണ്ണിന്റെ വരൾച്ചയോ ഗുരുതരമായ അണുബാധയോ ഇതിന് കാരണമാകാം. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കണ്ണിന്റെ ഉപരിതല പാളിയെ (Cornea) ബാധിച്ചേക്കാം.
4. രാത്രി കാഴ്ചയിലെ ബുദ്ധിമുട്ടും വെളിച്ചത്തോടുള്ള അസഹിഷ്ണുതയും:
രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ മറ്റുള്ള വാഹനങ്ങളുടെ വെളിച്ചം അടിക്കുമ്പോൾ കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയോ രാത്രിയിൽ വ്യക്തമായി കാണാൻ സാധിക്കാതെ വരികയോ ചെയ്യുന്നത് റെറ്റിനയിലുണ്ടാകുന്ന മാറ്റങ്ങളെയോ തിമിരത്തിന്റെ തുടക്കത്തെയോ ആണ് സൂചിപ്പിക്കുന്നത്.
5. കണ്ണിന് മുന്നിൽ മിന്നലുകളും കറുത്ത പാടുകളും പ്രത്യക്ഷപ്പെടുക (Floaters & Flashes):
കണ്ണിന് മുന്നിൽ ചെറുതായി കറുത്ത പുള്ളികളോ ഈച്ച പറക്കുന്നത് പോലെയോ കാണപ്പെടുന്നത് ചിലപ്പോൾ സാധാരണമാണെങ്കിലും, പെട്ടെന്ന് ഇവയുടെ എണ്ണം കൂടുകയോ കണ്ണിന് മുന്നിൽ വെളിച്ചത്തിന്റെ മിന്നലുകൾ പോലെയോ കറുത്ത നിഴലുകൾ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ റെറ്റിന കണ്ണ് പാളിയിൽ നിന്ന് അടർന്നുമാറുന്നതിന്റെ (Retinal Detachment) ലക്ഷണമാകാം. ഇതിന് അടിയന്തര വൈദ്യസഹായം അത്യാവശ്യമാണ്.
ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ ഡോക്ടറെ കണ്ട് കൃത്യമായ നേത്രപരിശോധന നടത്തിയാൽ കാഴ്ച വൈകല്യങ്ങളിൽ നിന്നും കാഴ്ച നഷ്ടപ്പെടുന്നതിൽ നിന്നും കണ്ണിനെ പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും.












