അമേരിക്കയുമായുള്ള ദീർഘകാലമായുള്ള ശത്രുതയ്ക്കും തർക്കങ്ങൾക്കും വിരാമമിടാൻ ലക്ഷ്യമിട്ട് നിർണായക ഉത്തരവുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അമേരിക്കയുമായുള്ള ‘യുദ്ധവുമില്ല, സമാധാനവുമില്ല’ എന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയുമായി മാന്യമായ രീതിയിൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു തരത്തിലുള്ള ബലപ്രയോഗത്തിനും കീഴടങ്ങില്ലെന്നും പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ഇറാന്റെ ഭാഗത്തുനിന്നും ഈ അനുരഞ്ജന നീക്കം ഉണ്ടായിരിക്കുന്നത്. വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥന്റെ റോൾ വഹിക്കുന്ന ഖത്തർ, ആണവ പദ്ധതികളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. എന്നാൽ ചർച്ചകളിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഇറാന്റെ ആവശ്യങ്ങൾ അപ്രാപ്യവും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഞായറാഴ്ച പ്രതികരിച്ചത്.
ചർച്ചകൾ പുരോഗമിക്കുകയും ശക്തമായ ഒരു കരാറിലെത്താൻ സാധിക്കുകയും ചെയ്താൽ ഇറാനുമേൽ പുതിയ സൈനികാക്രമണങ്ങൾക്ക് താൻ മുതിരില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, ചർച്ചകൾക്ക് മുന്നോടിയായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളും നാവിക ഉപരോധങ്ങളും പൂർണ്ണമായി പിൻവലിക്കണമെന്ന ന്യായമായ ആവശ്യമാണ് തങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് അയവുവരുത്താൻ ഇരുരാജ്യങ്ങളും നയതന്ത്ര തലത്തിൽ നടത്തുന്ന നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.












