വാഷിംഗ്ടൺ: നിർമിതബുദ്ധി (AI) ലോകമെമ്പാടും വൻ മാറ്റങ്ങൾ സൃഷ്ടിച്ചതോടെ കമ്പനികൾ ആവേശത്തോടെ നടത്തിയ ജീവനക്കാരുടെ പിരിച്ചുവിടലുകൾ തിരിച്ചടിയാകുന്നു. എ.ഐ ഉപയോഗിച്ച് ചെലവ് ചുരുക്കാമെന്നും മനുഷ്യ വിഭവശേഷിക്ക് പകരം സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും കരുതി പിരിച്ചുവിട്ട ജീവനക്കാരെ തിരികെ വിളിച്ച് നിയമിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ആഗോള കോർപ്പറേറ്റുകൾ. പ്രമുഖ ടാലന്റ് അസ്സെസ്മെന്റ് സ്ഥാപനമായ എസ്.എച്ച്.എൽ (SHL) നടത്തിയ പുതിയ സർവേയിലാണ് ‘എ.ഐ റീബൗണ്ടിങ്’ (AI Rebounding) എന്ന് വിശേഷിപ്പിക്കുന്ന ഈ രസകരമായ ട്രെൻഡ് വെളിപ്പെട്ടിരിക്കുന്നത്.
യു.എസ്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഈ പ്രവണത വ്യാപകമായി കണ്ടുവരുന്നത്. സർവേയിൽ പങ്കെടുത്ത യു.എസിലെ അഞ്ച് ജീവനക്കാരിൽ ഒരാൾക്ക് (19.1 ശതമാനം) ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെടുകയും പിന്നീട് പഴയ കമ്പനികൾ തന്നെ മുൻ ജീവനക്കാരെ തിരികെ വിളിക്കുകയും ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞു. മനുഷ്യരായ ജീവനക്കാർക്ക് ചെയ്യാൻ കഴിയുന്ന സങ്കീർണ്ണവും സർഗ്ഗാത്മകവുമായ കാര്യങ്ങൾ പൂർണ്ണമായി എ.ഐക്ക് നിർവ്വഹിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഇതിന് പ്രധാന കാരണം.
എങ്കിലും പിരിച്ചുവിട്ട ജീവനക്കാരെ തിരികെ കൊണ്ടുവരുന്നത് കമ്പനികൾക്ക് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഴയ ശമ്പളത്തിലോ നിബന്ധനകളിലോ ജോലിയെടുക്കാൻ തിരിച്ചെത്തുന്ന ജീവനക്കാർ ഭൂരിഭാഗവും തയ്യാറാകുന്നില്ല. ഉയർന്ന ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട ശേഷമാണ് പലരും കമ്പനികളിലേക്ക് തിരിച്ചെത്താൻ തയ്യാറാകുന്നത്. എ.ഐ സാങ്കേതികവിദ്യക്ക് അതിന്റേതായ പരിധികളുണ്ടെന്നും തൊഴിൽ മേഖലയിൽ മനുഷ്യന്റെ സ്ഥാനം പൂർണ്ണമായി കീഴടക്കാൻ എ.ഐക്ക് സാധിക്കില്ലെന്നുമാണ് ഈ കണക്കുകൾ അടിവരയിടുന്നത്.












