ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ മുന്നണി രൂപീകരിച്ച് അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖർ ആസാദും. ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM), ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) എന്നീ പാർട്ടികൾ കൈകോർത്ത് ‘സാമാജിക് പരിവർത്തൻ മോർച്ച’ (Samajik Parivartan Morcha) എന്ന പേരിലാണ് പുതിയ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലഖ്‌നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇരുനേതാക്കളും പ്രഖ്യാപനം നടത്തിയത്.
ഉത്തർപ്രദേശിലെ ആകെയുള്ള 403 നിയമസഭാ സീറ്റുകളിലും സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ചന്ദ്രശേഖർ ആസാദായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് അസദുദ്ദീൻ ഒവൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് തടയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സഖ്യം വ്യക്തമാക്കുന്നു. ഭാവിയിലേക്കുള്ള രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ ഉത്തർപ്രദേശിലെ ജനങ്ങൾ ചന്ദ്രശേഖർ ആസാദിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി പറഞ്ഞു.
2017 മുതൽ ഉത്തർപ്രദേശിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കും, അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്കും (SP) ഒരുപോലെ വെല്ലുവിളി ഉയർത്തുന്നതാണ് ഈ പുതിയ ദളിത്-മുസ്ലിം രാഷ്ട്രീയ കൂട്ടുകെട്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ ഏകദേശം 19-20 ശതമാനത്തോളം മുസ്ലിം വിഭാഗവും 21 ശതമാനത്തോളം പട്ടികജാതി വിഭാഗവുമാണുള്ളത്. ഈ വോട്ട് ബാങ്കുകളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിച്ചാൽ അത് സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നേരത്തെ സമാജ്‌വാദി പാർട്ടിയുമായും കോൺഗ്രസുമായും സഖ്യത്തിലേർപ്പെടാൻ ഒവൈസി ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. ഇതോടെയാണ് ചന്ദ്രശേഖർ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ഉത്തർപ്രദേശിൽ ശക്തമായൊരു മൂന്നാം ബദൽ കെട്ടിപ്പടുക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചത്. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും വരും ദിവസങ്ങളിൽ പൂർത്തിയാക്കി ശക്തമായ പ്രചാരണത്തിലേക്ക് കടക്കാനാണ് ‘സാമാജിക് പരിവർത്തൻ മോർച്ച’യുടെ നീക്കം.











