തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറോട് അടിയന്തര റിപ്പോർട്ട് തേടി. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേവലം രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 17 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും വൻ രാഷ്ട്രീയ പ്രതിരോധത്തിലായി.
നവംബർ എട്ടിന് ദീപാവലി ദിവസവും തൊട്ടടുത്ത ദിവസത്തെ പുലർച്ചെയുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ അരുംകൊലകൾ അരങ്ങേറിയത്. തേനിയിൽ പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിലിനെ ഒരു സംഘം യുവാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം പൊതുസമൂഹത്തിലും പോലീസ് സേനയ്ക്കുള്ളിലും വലിയ ഞെട്ടലുണ്ടാക്കി. പഴയ വൈരാഗ്യം, ഗുണ്ടാ കുടിപ്പക, കുടുംബ വഴക്കുകൾ,മദ്യലഹരിയിലുള്ള തർക്കങ്ങൾ, പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റങ്ങൾ എന്നിവയാണ് മിക്ക കൊലപാതകങ്ങൾക്കും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആക്രമണം കടുപ്പിച്ചു. ക്രമസമാധാന പാലനത്തിൽ വിജയ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നും ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.ദീപാവലി ദിവസം മാത്രം പത്തിലധികം കൊലപാതകങ്ങൾ നടന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ, 2024-ൽ 11-ഉം 2025-ൽ ആറും കൊലപാതകങ്ങൾ മാത്രമാണ് ദീപാവലി ദിനത്തിൽ ഉണ്ടായതെന്നും അവർ കണക്കുകൾ നിരത്തി വിമർശിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്റെ കണക്കുകളെ തള്ളിക്കളഞ്ഞ സംസ്ഥാന സർക്കാരും പോലീസും, ദീപാവലി ദിവസം എട്ട് കൊലപാതകങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കി. ദീപാവലിക്ക് മുൻപ് നടന്ന സംഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
രാഷ്ട്രീയ സമ്മർദ്ദവും കേന്ദ്ര ഇടപെടലും ശക്തമായതോടെ മുഖ്യമന്ത്രി വിജയ് ചെന്നൈയിൽ ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തു. ചീഫ് സെക്രട്ടറി, ഡിജിപി മഹേഷ് കുമാർ അഗർവാൾ, ഇന്റലിജൻസ് ഐജി അസ്ര ഗാർഗ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കുറ്റകൃത്യങ്ങൾ തടയുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാഷ്ട്രീയ ഇടപെടലുകളില്ലാതെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.










