തിരുവനന്തപുരം: പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സി.പി.എം പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി. കേന്ദ്ര കമ്മിറ്റി അംഗമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം രൂപീകരിച്ചിട്ടുള്ളത്.
ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രാദേശികതലത്തിൽ അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകരാണ് ലീഗൽ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. പാർട്ടി അനുഭാവികൾക്ക് പുറമെ സി.പി.എമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും ഈ കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ-മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പാർട്ടിക്കും സർക്കാരിനും നേതാക്കൾക്കുമെതിരെ നടക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേസുകൾ നടത്താൻ നിലവിൽ സി.പി.എമ്മിന് സംവിധാനമുണ്ടെന്നും, പുതിയ ലീഗൽ സെല്ലിലൂടെ അത് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പി. രാജീവ് വ്യക്തമാക്കി.
വ്യാജ വാർത്തകളെ നിയമപരമായി നേരിടുന്നതിനൊപ്പം, വിവരാവകാശ നിയമപ്രകാരമുള്ള (RTI) ഇടപെടലുകൾ ശക്തമാക്കുന്നതിനായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും സി.പി.എം സജ്ജമാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങളെ വസ്തുതകളും രേഖകളും നിരത്തി പ്രതിരോധിക്കാനും ആവശ്യമെങ്കിൽ മാനനഷ്ടക്കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാനുമാണ് പുതിയ സംവിധാനത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.












