പാലക്കാട്: ഭീകരവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പാലക്കാട് ഒറ്റപ്പാലത്ത് 27-കാരൻ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ ഗുരുമൂർത്തിയാണ് പിടിയിലായത്. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാളെ തൃശ്ശൂർ റേഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.
ഭീകരവാദ പ്രവർത്തനങ്ങളിലൂടെയും രാജ്യവിരുദ്ധ നീക്കങ്ങളിലൂടെയും സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രതി ശ്രമിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. കസ്റ്റഡിയിലെടുത്ത ശേഷം രഹസ്യകേന്ദ്രത്തിൽ വെച്ച് ഉന്നത ഉദ്യോഗസ്ഥർ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുകയോ, അതിനായി ഗൂഢാലോചന നടത്തുകയോ, സഹായം നൽകുകയോ ചെയ്താൽ ചുമത്തുന്ന യു.എ.പി.എ (UAPA) സെക്ഷൻ 18 ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഗുരുമൂർത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ബാങ്ക് ഇടപാടുകളും ഫോൺ രേഖകളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.
രാജ്യവിരുദ്ധ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് കേരളത്തിൽ മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും, ഏതൊക്കെ ഭീകരവാദ സംഘടനകളുമായാണ് ഇയാൾക്ക് ബന്ധമുള്ളതെന്നും കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോലി തേടിയെന്ന വ്യാജേന കേരളത്തിലെത്തിയ ഇയാൾ തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ എത്രനാളായി ജോലി ചെയ്യുന്നുണ്ടെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.








