ശബരിമല ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽ.ഐ.സിയുടെ (LIC) സഹകരണത്തോടെയാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം തീർത്ഥാടനത്തിനിടെ അപകടമോ മറ്റ് കാരണങ്ങളാലോ മരണം സംഭവിക്കുന്ന ഭക്തരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും രജിസ്റ്റർ ചെയ്ത് എത്തുന്ന എല്ലാ തീർത്ഥാടകർക്കും ഈ ആനുകൂല്യം ലഭ്യമാകും. ഭക്തർ സന്നിധാനത്തേക്ക് യാത്ര തിരിക്കുന്നതിന്റെ തലേദിവസം മുതൽ തുടർന്നുള്ള മൂന്ന് ദിവസത്തേക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നട തുറക്കുന്നതിന് മുൻപ് തന്നെ പൂർത്തിയായിട്ടുണ്ടെന്നും, ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
തീർത്ഥാടകരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി തീരുമാനങ്ങളാണ് ഇത്തവണ ബോർഡ് കൈക്കൊണ്ടിട്ടുള്ളത്. മലകയറുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനായി ശബരിമല പാതകളിൽ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ അയ്യായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലുകളും ഒരുക്കിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്മെന്റ് രീതികൾ പ്രോത്സാഹിപ്പിക്കാനും, ഭക്തരുടെ ചൂഷണം ഒഴിവാക്കുന്നതിനായി ഡോളി സർവീസുകൾ പൂർണ്ണമായും പ്രീ-പെയ്ഡ് സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. നട തുറക്കുന്ന ഈ മാസം 17-ഓടെ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി സന്നിധാനത്ത് ഉണ്ടാകും. അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കരയുടെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ലെന്നും, മിൽമയിൽ നിന്നാണ് ആവശ്യമായ നെയ്യ് ശേഖരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ ഓൺലൈൻ മുറി ബുക്കിംഗിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളെല്ലാം പൂർണ്ണമായി പരിഹരിച്ചതായും കെ. ജയകുമാർ കൂട്ടിച്ചേർത്തു.









