ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബറിലെ ആദ്യവാരം ആരംഭിക്കുമെന്ന് സൂചന. മണ്ഡല പുനർനിർണയവും വനിതാ സംവരണവും സംബന്ധിച്ച നിർണായക ബില്ലുകൾക്ക് സമ്മേളനത്തിൽ കേന്ദ്രസർക്കാർ മുൻഗണന നൽകുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭയിലെ നിലവിലെ 543 അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന മണ്ഡല പുനർനിർണയമാണ് പ്രധാന അജണ്ട. ഇതിലൂടെ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
കഴിഞ്ഞ ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിനാൽ (prorogue) ചുരുങ്ങിയ നോട്ടീസിൽ സഭ വിളിച്ചുചേർക്കാൻ സർക്കാരിന് സാധിക്കും. നേരത്തെ ഏപ്രിൽ 17-ന് നടന്ന പ്രത്യേക സമ്മേളനത്തിൽ ഈ ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ ഭൂരിപക്ഷം നേടാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ 15 മുതൽ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ എൻ.ഡി.എ നേതൃത്വം. നിലവിൽ എൻ.ഡി.എയ്ക്ക് 320 അംഗങ്ങളുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി സർക്കാരിന് അനിവാര്യമാണ്.
അതേസമയം, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആറിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തർക്കം സമ്മേളനത്തിൽ ശക്തമാകാനും സാധ്യതയുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തുമെന്നാണ് സൂചന. ഇതോടെ സമ്മേളനം പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.










