രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനക്കേസിൽ പഞ്ചാബ് സ്വദേശിനിയായ യുവതിയും സുഹൃത്തും പിടിയിലായതോടെ പുറത്തുവരുന്നത് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ (ISI) ഞെട്ടിക്കുന്ന അട്ടിമറി നീക്കങ്ങൾ. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിനിയായ മഹക്‌ദീപ് കൗർ (21), സുഹൃത്ത് ദേവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ എ.ടി.എസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്.
വിവാഹമോചനത്തിന് പിന്നാലെ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുടെ പ്രണയക്കെണിയിലും പണത്തിന്റെ പ്രലോഭനത്തിലും വീണാണ് യുവതി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ലഹരിക്കടത്ത് കേസിൽ ഭർത്താവ് കരൺവീർ സിങ് അറസ്റ്റിലായി ജയിലിലായതോടെയാണ് മഹക്‌ദീപ് കൗർ പാക് ഹാൻഡ്‌ലർമാരുമായി അടുക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഇവർ വിവാഹമോചിതരായിരുന്നു. യുവതിയുടെ സഹോദരനും ലഹരിക്കേസിൽ ജയിലിലാണ്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഷാ’, ‘ചാച്ച’ എന്നിവരാണ് സ്ഫോടനത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരെന്ന് രാജസ്ഥാൻ എ.ടി.എസ് എ.ഡി.ജി ദിനേശ് എം.എൻ വെളിപ്പെടുത്തി. യുവതിയുമായി പ്രണയബന്ധം സ്ഥാപിച്ച ‘ഷാ’, സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇവർക്ക് അക്കൗണ്ട് വഴി പണം നൽകിയാണ് അട്ടിമറിക്ക് പ്രേരിപ്പിച്ചത്. സ്ഫോടനം നടത്തുന്നതിനായി 2.83 ലക്ഷം രൂപ യുവതിക്ക് കൈമാറിയതായാണ് വിവരം. തുടർന്ന് യുവതി സുഹൃത്തായ ദേവീന്ദർ സിങ്ങിനെയും ഒപ്പം കൂട്ടുകയായിരുന്നു.
നവംബർ മൂന്നിന് രാത്രി 9.45 ഓടെയാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ 50 ജി.ബി ഗ്രാമത്തിന് സമീപം അനുപ്ഗഡ്-സൂറത്ത്ഗഡ് റെയിൽവേ ലൈനിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രാക്കിന് താഴെയുള്ള രണ്ട് കോൺക്രീറ്റ് സ്ലീപ്പറുകൾ തകരുകയും പാളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പ്രദേശത്ത് രണ്ടര അടിയോളം താഴ്ചയിൽ ഗർത്തവും രൂപപ്പെട്ടിരുന്നു. സ്ഫോടനം നടക്കുന്നതിന് 75 മിനിറ്റ് മുൻപ് മാത്രമാണ് ഇതുവഴി അനുപ്ഗഡ്-സൂറത്ത്ഗഡ് പാസഞ്ചർ ട്രെയിൻ കടന്നുപോയത് എന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ചാണ് പാക് സംഘം സ്ഫോടകവസ്തുക്കൾ എത്തിച്ചുനൽകിയതെന്നാണ് സൂചന. നവംബർ മൂന്നിന് മുൻപ് രണ്ട് തവണ പ്രതികൾ സ്ഫോടനം നടത്താൻ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ ആറിനായിരുന്നു ആദ്യ ശ്രമമെങ്കിലും സ്ഫോടകവസ്തുക്കൾ ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു. ഒക്ടോബർ 12-ന് ടൈമർ ഘടിപ്പിച്ച ബോംബ് സ്ഥാപിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം പൊട്ടിയില്ല. തുടർന്നാണ് നവംബർ മൂന്നിന് രാത്രി വീണ്ടുമെത്തി സ്ഫോടനം നടത്തിയത്.
ഗുരുദാസ്പൂരിലെ കലാനൗർ മേഖലയിൽ നിന്ന് പിടിയിലായ പ്രതികളിൽ നിന്ന് രണ്ട് വിദേശനിർമ്മിത പിസ്റ്റളുകളും 46 തിരകളും 30,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ പ്രണയം നടിച്ചും പണം നൽകിയും വലയിലാക്കി ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന ഐ.എസ്.ഐയുടെ പുതിയ തന്ത്രമാണിതെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.









