ന്യൂഡൽഹി: രാജ്യത്തിന്റെ മണ്ണിനടിയിൽ ‘ഉറങ്ങിക്കിടക്കുന്ന’ ടൺ കണക്കിന് സ്വർണനിക്ഷേപം പുറത്തെടുത്ത് ആഗോള സ്വർണവിപണിയിൽ വൻ കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ. ആഭ്യന്തര സ്വർണ ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ രൂപരേഖ നിതി ആയോഗ് ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഖനന ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്തിയും വൻതോതിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും സ്വകാര്യ കമ്പനികളെയും വിദേശ നിക്ഷേപകരെയും ഈ രംഗത്തേക്ക് ആകർഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായായിരിക്കും ഇതിനാവശ്യമായ നയപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുക.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി മണ്ണിനടിയിൽ ശരാശരി 600 ടണ്ണിലധികം സ്വർണനിക്ഷേപമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിൽ ഏറ്റവും വലിയ പങ്ക് ബിഹാറിലാണ്; രാജ്യത്തെ ആകെ സ്വർണശേഖരത്തിന്റെ 44 മുതൽ 45 ശതമാനം വരെ ബിഹാറിലാണുള്ളത്. 25 ശതമാനം നിക്ഷേപവുമായി രാജസ്ഥാൻ രണ്ടാമതും 21 ശതമാനവുമായി കർണാടക മൂന്നാമതുമാണ്. പശ്ചിമ ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നീ സംസ്ഥാനങ്ങളിലും വൻതോതിലുള്ള സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
ഇത്രയും വലിയ നിക്ഷേപമുണ്ടായിട്ടും ഖനന പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ ഭൗമശാസ്ത്ര സർവേകളുടെ അഭാവം, ഖനികളുടെ ലേല നടപടികളിലെ സങ്കീർണ്ണതകൾ, രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ എന്നിവ കാരണമാണ് നിക്ഷേപകർ ഇത്രകാലം പിന്മാറിനിന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പര്യവേക്ഷണം പ്രോത്സാഹിപ്പിച്ചും ലേല നടപടികൾ ലഘൂകരിച്ചും ഈ പ്രതിസന്ധികൾ മറികടക്കാനാണ് നിതി ആയോഗ് ശുപാർശ ചെയ്യുന്നത്.
പ്രതിവർഷം ശരാശരി 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോളവിപണിയിൽ സ്വർണവില കുതിച്ചുയർന്നതും ഇറക്കുമതി വർധിച്ചതും രാജ്യത്തിന്റെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കൂടാനും രൂപയുടെ മൂല്യം ഇടിയാനും കാരണമായിരുന്നു. ആഭ്യന്തര ഖനനം ഊർജിതമാക്കുന്നതിലൂടെ വിദേശനാണ്യ ശേഖരത്തിലെ ചോർച്ച തടയാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.
ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നേരത്തെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയത് ഉൾപ്പെടെയുള്ള കർശന നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നു. അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനുപുറമെ, വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം വിപണിയിലെത്തിക്കാനുള്ള ‘സ്വർണം പണമാക്കൽ പദ്ധതി’ (Gold Monetisation Scheme) കൂടുതൽ ആകർഷകമാക്കി നടപ്പിലാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിയന്ത്രണങ്ങളുടെ ഫലമായി നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സ്വർണ ഇറക്കുമതിയിൽ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.









