രാജ്യാന്തര ധനകാര്യ ഏജൻസികളുടെ പ്രവചനങ്ങൾ തിരുത്തിക്കുറിച്ച്, പ്രതീക്ഷിക്കുന്നതിലും 25 വർഷം മുൻപേ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ഇസ്ലാമാബാദിൽ നടന്ന ‘പാക്കിസ്ഥാൻ മിനറൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം-2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2075-ഓടെ പാക്കിസ്ഥാൻ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട് തിരുത്തി, 2050-ന് മുൻപ് തന്നെ രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് ഷെഹബാസ് ഷരീഫിന്റെ അവകാശവാദം.
ഗോൾഡ്മാൻ സാക്സിന്റെ കണക്കുകൾ പ്രകാരം 2050-ഓടെ പാക്കിസ്ഥാൻ 3.3 ട്രില്യൻ ഡോളർ ജിഡിപി മൂല്യവുമായി 16-ാം സ്ഥാനത്തായിരിക്കും. എന്നാൽ ഈ പ്രവചനം തെറ്റുമെന്ന് പറഞ്ഞ ഷെഹബാസ് ഷരീഫ്, 2050-ന് മുൻപേ രാജ്യം ആറാം സ്ഥാനത്തെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഷരീഫിന്റെ പ്രവചനം യാഥാർത്ഥ്യമായാൽ ഇന്തൊനീഷ്യ, ജർമനി, ജപ്പാൻ, യുകെ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, കാനഡ, സൗദി അറേബ്യ തുടങ്ങിയ വമ്പൻ സാമ്പത്തിക ശക്തികളെയെല്ലാം പാക്കിസ്ഥാൻ മറികടക്കേണ്ടി വരും.
അതേസമയം, 2050-ഓടെ ഇന്ത്യ 22.2 ട്രില്യൻ ഡോളർ (22 ലക്ഷം കോടി ഡോളർ) ജിഡിപി മൂല്യവുമായി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. 41.9 ട്രില്യൻ ഡോളറുമായി ചൈന ഒന്നാമതും 37.2 ട്രില്യൻ ഡോളറുമായി അമേരിക്ക രണ്ടാമതും എത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2075-ലേക്ക് കടക്കുമ്പോൾ 57 ട്രില്യൻ ഡോളറുമായി ചൈന ഒന്നാമത് തുടരുമ്പോൾ, അമേരിക്കയെ (51.5 ട്രില്യൻ ഡോളർ) മറികടന്ന് 52.5 ട്രില്യൻ ഡോളറുമായി ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു.
രാജ്യത്തെ ഖനന-ധാതു മേഖലകളിലേക്ക് ഒഴുകുന്ന വൻതോതിലുള്ള വിദേശ നിക്ഷേപമാണ് പാക്കിസ്ഥാന്റെ സാമ്പത്തിക കുതിപ്പിന് കരുത്താകുകയെന്ന് ഷെഹബാസ് ഷരീഫ് ചൂണ്ടിക്കാട്ടി. ഇതുവരെ പ്രയോജനപ്പെടുത്താത്ത ചെമ്പ്, സ്വർണം, മറ്റ് അപൂർവ ധാതുക്കൾ എന്നിവയുടെ ഖനനത്തിലൂടെ വൻ വളർച്ചയുണ്ടാകും. രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടന്നിരുന്ന റെക്കോ ഡിഖ് (Reko Diq) പദ്ധതിയിൽ നിന്ന് 2028-ഓടെ ചെമ്പും സ്വർണവും ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അസംസ്കൃത ധാതുക്കൾ കയറ്റുമതി ചെയ്യുന്നതിന് പകരം രാജ്യത്തിനകത്ത് തന്നെ ശുദ്ധീകരണ ശാലകളും നിർമ്മാണ യൂണിറ്റുകളും സ്ഥാപിക്കാൻ വിദേശ നിക്ഷേപകർ മുന്നോട്ടുവരണമെന്നും നിക്ഷേപകർക്ക് സുരക്ഷയും വേഗത്തിലുള്ള അനുമതികളും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
എന്നാൽ, നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ ഈ സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കുകൾ പ്രകാരം നിലവിൽ വെറും 450 ബില്യൻ ഡോളർ ജിഡിപി മൂല്യവുമായി ലോകത്തെ 42-ാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാത്രമാണ് പാക്കിസ്ഥാൻ. 40-ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനേക്കാളും പിന്നിലാണ് പാക്കിസ്ഥാന്റെ സ്ഥാനം. അതേസമയം, ഇന്ത്യ 4.06 ട്രില്യൻ ഡോളർ ജിഡിപി മൂല്യവുമായി ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളിലൊന്നായി കുതിക്കുകയാണ്. ഐഎംഎഫ് വായ്പാ സഹായത്തെയും കടുത്ത കടക്കെണിയെയും ആശ്രയിച്ച് മുന്നോട്ടുപോകുന്ന പാക്കിസ്ഥാന് ഇത്രയും ചുരുങ്ങിയ കാലയളവിൽ വൻ സാമ്പത്തിക ശക്തികളെ മറികടക്കുക എന്നത് അസാധ്യമായ ലക്ഷ്യമാണെന്നാണ് വിലയിരുത്തൽ.










