ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന ഇക്കണോമിക് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (ഇ.സി.ഒ) 30-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയ പാകിസ്താന്റെ നടപടിക്കെതിരെ അംഗരാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം. സംഘടനയിലെ പൂർണ്ണ അംഗമായിരുന്നിട്ടും അഫ്ഗാനിസ്ഥാനെ ക്ഷണിക്കാതിരുന്ന പാകിസ്താന്റെ നയതന്ത്ര വിരുദ്ധമായ നിലപാട് ഉച്ചകോടിയുടെ ശോഭ കെടുത്തുന്ന തരത്തിലേക്ക് വളർന്നിരിക്കുകയാണ്. ഞായറാഴ്ച രാത്രി പാകിസ്താൻ വിദേശകാര്യ മന്ത്രി ഇ.സി.ഒ പ്രതിനിധികൾക്കായി ഒരുക്കിയ അത്താഴവിരുന്നിൽ നിരവധി അംഗരാജ്യങ്ങൾ തങ്ങളുടെ കടുത്ത അതൃപ്തി അറിയിച്ചതായാണ് ഉന്നത നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.
പാകിസ്താന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കാബൂളും ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ഉച്ചകോടിക്ക് മുന്നോടിയായി ഞായറാഴ്ച ടെഹ്റാനിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്ഥാൻ ധനമന്ത്രി ഈ വിഷയം ഔദ്യോഗികമായി ഉന്നയിച്ചു. സംഘടനയിലെ ഒരു പൂർണ്ണ അംഗത്തെ മാറ്റിനിർത്തുന്നതിലൂടെ പ്രാദേശിക സാമ്പത്തിക കൂട്ടായ്മയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇസ്ലാമാബാദ് അട്ടിമറിക്കുകയാണെന്ന് അഫ്ഗാൻ താലിബാൻ ഭരണകൂടം രൂക്ഷമായി വിമർശിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ പാകിസ്താൻ വാർത്താവിതരണ മന്ത്രി അത്താഉള്ള തരാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എല്ലാ അംഗരാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്നാൽ അഫ്ഗാനിസ്ഥാൻ യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ‘ആരൊക്കെ പങ്കെടുക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം’ എന്നായിരുന്നു മന്ത്രിയുടെ ഒഴുക്കൻ മറുപടി.
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങളും നയതന്ത്ര ബന്ധത്തിലെ വിള്ളലുകളും രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രാദേശിക കൂട്ടായ്മകളിൽ നിന്ന് തങ്ങളെ മാറ്റിനിർത്താനുള്ള പാകിസ്താന്റെ നീക്കത്തെ ചെറുക്കാനായി, അടുത്ത മാസം ഇറാനിൽ നടക്കുന്ന ഇ.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന പ്രധാന യോഗത്തിലും അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയ വിഷയം അംഗരാജ്യങ്ങൾ ഉന്നയിക്കുന്നതോടെ, നയതന്ത്ര തലത്തിൽ മറുപടി പറയാനാകാതെ പാകിസ്താൻ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.












