ബംഗ്ലാദേശിൽ അറസ്റ്റിലായി രണ്ട് വർഷത്തോളമായി തടവിൽ കഴിയുന്ന പ്രമുഖ ഹിന്ദു സന്യാസിയും ‘സനാതനി ജാഗരൺ ജോട്ട്’ വക്താവുമായ ചിന്മയ് കൃഷ്ണ ദാസിനെ അതീവ സുരക്ഷയിൽ ജയിൽ മാറ്റി. തിങ്കളാഴ്ച രാവിലെ ചട്ടോഗ്രാം സെൻട്രൽ ജയിലിൽ നിന്ന് ധാക്കയിലെ കെറാനിഗഞ്ചിലുള്ള പ്രത്യേക ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ ചിന്മയ് കൃഷ്ണ ദാസിന്റെ ആരോഗ്യനിലയിലും സുരക്ഷയിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകൻ രംഗത്തെത്തി. അദ്ദേഹത്തിന്റെ ജീവൻ പോലും അപകടത്തിലാണെന്ന് അഭിഭാഷകനായ അപൂർവ കുമാർ ഭട്ടാചാർജി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
കടുത്ത സസ്യാഹാരിയും വൈഷ്ണവ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ്, സ്വന്തമായി പാകം ചെയ്യുന്ന ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി ചട്ടോഗ്രാം ജയിലിൽ കഴിയുമ്പോൾ, ഒപ്പമുണ്ടായിരുന്ന സഹതടവുകാരൻ രംഗനാഥൻ ബ്രഹ്മചാരിയാണ് അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച ചിന്മയ് കൃഷ്ണ ദാസിനെ മാത്രം ധാക്കയിലേക്ക് മാറ്റുകയും രംഗനാഥൻ ബ്രഹ്മചാരിയെ ചട്ടോഗ്രാമിൽ തന്നെ നിലനിർത്തുകയും ചെയ്തതോടെ ഭക്ഷണക്രമം പൂർണ്ണമായും താളംതെറ്റി.
“അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗമുണ്ട്. അതിനാൽ പുറത്തുനിന്നുള്ള ഏത് ഭക്ഷണവും കഴിക്കാൻ കഴിയില്ല. ധാക്ക സെൻട്രൽ ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ ഇതുവരെ പഴങ്ങൾ മാത്രമാണ് അദ്ദേഹം കഴിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുമെന്നും ജീവൻ തന്നെ അപകടത്തിലായേക്കാമെന്നും ഞാൻ ഭയപ്പെടുന്നു” – അപൂർവ കുമാർ ഭട്ടാചാർജി ആശങ്ക പങ്കുവെച്ചു.
അതേസമയം, ജയിൽ മാറ്റത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തടവുകാരെ ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് സാധാരണ ഭരണപരമായ നടപടി മാത്രമാണെന്നുമാണ് ചട്ടോഗ്രാം സെൻട്രൽ ജയിൽ സൂപ്രണ്ട് ഇഖ്ബാൽ ഹൊസൈന്റെ വിശദീകരണം. 2024 നവംബർ 25-നാണ് ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ധാക്കയിൽ വെച്ച് ചിന്മയ് കൃഷ്ണ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ചട്ടോഗ്രാം കോടതി പരിസരത്തുണ്ടായ സംഘർഷത്തിൽ അഭിഭാഷകൻ സൈഫുൾ ഇസ്ലാം കൊല്ലപ്പെട്ട കേസിലും ഇദ്ദേഹത്തെ പ്രതിചേർത്തിരുന്നു. നിലവിൽ ഈ കേസുകളിലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ജയിൽ മാറ്റം ഉണ്ടായിരിക്കുന്നത്.











