ചില കുറ്റകൃത്യങ്ങൾ വെറുമൊരു കൊലപാതകത്തിൽ ഒതുങ്ങില്ല; അതൊരു പേടിപ്പെടുത്തുന്ന തൃില്ലർ സിനിമയുടെ തിരക്കഥ പോലെ നീളും. കൃത്യം പത്തുവർഷങ്ങൾക്ക് മുൻപ് കേരളത്തെ നടുക്കിയ ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുന്നു. കേസിൽ പത്തുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയതോടെ കേരള പോലീസിന്റെ കുറ്റാന്വേഷണ മികവിനു മുന്നിൽ കുറ്റവാളികൾ വീണ്ടും തോൽവി സമ്മതിക്കുകയാണ്.
രക്തക്കറ പുരണ്ട പത്തുവർഷങ്ങൾ 2016 ഏപ്രിൽ 30.
കണ്ണൂർ ഇരിക്കൂർ സിദ്ദിഖ് നഗറിലെ സ്വന്തം ക്വാർട്ടേഴ്‌സിൽ മെരടൻ കുഞ്ഞാമിനയെന്ന വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് ആ നാടിനെയാകെ വിറപ്പിച്ചിരുന്നു. കസേരയിൽ വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ 19 ആഴത്തിലുള്ള മുറിവുകൾ; വായയിൽ തുണി തിരുകി പ്ലാസ്റ്ററൊട്ടിച്ചു, കാൽമുട്ടുകൾ തല്ലിത്തകർത്തു. അവരുടെ കൈയിലുണ്ടായിരുന്ന പത്ത് പവൻ സ്വർണാഭരണങ്ങളും കവർന്നാണ് അക്രമികൾ കടന്നുകളഞ്ഞത്.
തുണിവിൽപനക്കാരുടെ വ്യാജ മേൽവിലാസത്തിൽ ക്വാർട്ടേഴ്‌സിൽ ഒത്തുകൂടിയ ഒരു കൊടുംക്രിമിനൽ കുടുംബമായിരുന്നു ഈ ക്രൂരതയ്ക്ക് പിന്നിൽ. പർവീൺ ബാനു, മകൾ സക്കീന ഫാത്തിമ, മുഖ്യപ്രതിയായ അബ്ബാസ് അലി എന്നിവരടങ്ങുന്ന ഈ സംഘം രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിലായി നൂറിലധികം കവർച്ചകൾ നടത്തിയിട്ടുള്ള കൊടുംകുറ്റവാളികളായിരുന്നു.
അവസാനിക്കാത്ത അന്വേഷണം, ഉറങ്ങാത്ത പോലീസ്
സംഭവത്തിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നുകളഞ്ഞ പ്രതികളെ പിടികൂടാൻ കേരള പോലീസ് എട്ട് സംസ്ഥാനങ്ങളിലധികം അരിച്ചുപെറുക്കി. വർഷങ്ങൾ നീണ്ട നിശബ്ദതയ്‌ക്കൊടുവിൽ, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീകളെയും, ഒടുവിൽ ഇപ്പോൾ മുഖ്യപ്രതിയായ അബ്ബാസ് അലിയെ ഡൽഹിയിൽ വെച്ചും വളഞ്ഞുപിടിക്കുകയായിരുന്നു.
പത്തുവർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞിട്ടും കേരള പോലീസിന്റെ വിദഗ്ധമായ നീക്കങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആ കൊടുംകുറ്റവാളിക്ക് കഴിഞ്ഞില്ല. നീതി വൈകിയേക്കാം, പക്ഷേ ഒരിക്കലും തോൽക്കില്ല എന്ന് തെളിയിക്കുന്നതാണ് ഈ കുറ്റാന്വേഷണ വിജയം.












