പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ വർഷങ്ങളോളം ശരീരത്തിൽ ഒളിച്ചിരിക്കാൻ കഴിയുന്ന നിശബ്ദ വില്ലനാണ് വൃക്കരോഗം. രോഗലക്ഷണങ്ങൾ പുറത്തുവരുമ്പോഴേക്കും വൃക്കകളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുള്ളവരും കുടുംബത്തിൽ വൃക്കരോഗ പാരമ്പര്യമുള്ളവരും രോഗം നേരത്തെ കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി നാം അനുഭവിക്കുന്ന സമ്മർദ്ദം, ഉറക്കക്കുറവ്, നിർജ്ജലീകരണം എന്നിവയുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്ന ചില ചെറിയ മാറ്റങ്ങളിലൂടെയാകും വൃക്കരോഗം തുടക്കത്തിൽ പ്രകടമാകുന്നത്. ലോകാരോഗ്യ അസംബ്ലി പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി ഏകദേശം 67.4 കോടി ആളുകൾ വിട്ടുമാറാത്ത വൃക്കരോഗത്താൽ (CKD) ബുദ്ധിമുട്ടുന്നുണ്ട്.
വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശരീരം നൽകുന്ന പ്രധാനപ്പെട്ട മൂന്ന് അപായസൂചനകൾ ഒരിക്കലും അവഗണിക്കരുത്. കണങ്കാലുകൾ, പാദങ്ങൾ, കണ്ണിന് ചുറ്റും എന്നിവിടങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് ഇതിൽ ഒന്നാമത്തേത്. ശരീരത്തിലെ അധിക ജലവും സോഡിയവും പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ നീര് വരുന്നത്. രണ്ടാമത്തേത് വിട്ടുമാറാത്ത ക്ഷീണമാണ്. രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതും വിളർച്ചയും കാരണം കടുത്ത ക്ഷീണം അനുഭവപ്പെടാം. തിരക്കേറിയ ജീവിതശൈലി കാരണമാണെന്ന് കരുതി ഇത്തരം ക്ഷീണം നിസ്സാരമായി കാണരുത്. മൂത്രത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാമത്തെ പ്രധാന ലക്ഷണം. മൂത്രത്തിൽ അമിതമായി പത കാണപ്പെടുക, മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടാവുക, മൂത്രമൊഴിക്കുന്നതിന്റെ അളവിലും തവണകളിലും മാറ്റം വരിക എന്നിവ വൃക്കകളുടെ തകരാറിനെ സൂചിപ്പിക്കുന്നു. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണിത്. രോഗം മൂർച്ഛിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ, വരണ്ട ചർമ്മം, ഓക്കാനം, വിശപ്പില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാം.
അതേസമയം, ഈ ലക്ഷണങ്ങൾ കണ്ടാലുടൻ വൃക്കരോഗമാണെന്ന് കരുതി ഭയപ്പെടേണ്ടതില്ലെങ്കിലും, ഇവ തുടർച്ചയായി നിലനിൽക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിക്കണം. വൃക്കരോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ കണ്ടെത്താൻ സഹായിക്കുന്ന രണ്ട് ലളിതമായ ലാബ് പരിശോധനകളുണ്ട്. രക്തത്തിലെ ‘സെറം ക്രിയാറ്റിനിൻ’ (Serum creatinine) പരിശോധനയും ‘ഇ.ജി.എഫ്.ആർ’ (eGFR) നിരക്കുമാണ് ഇതിൽ ആദ്യത്തേത്. വൃക്കകൾ രക്തത്തെ എത്രത്തോളം ഫലപ്രദമായി ശുദ്ധീകരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഈ രക്തപരിശോധന സഹായിക്കും. ഇ.ജി.എഫ്.ആർ നിരക്ക് കുറയുന്നത് വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ സൂചനയാണ്.
രണ്ടാമത്തേത് ‘യൂറിൻ ആൽബുമിൻ-ടു-ക്രിയാറ്റിനിൻ അനുപാതം’ (UACR) പരിശോധിക്കുന്ന മൂത്രപരിശോധനയാണ്. രക്തപരിശോധനയിൽ ഫലം സാധാരണ നിലയിലാണെങ്കിൽ പോലും, വൃക്കകൾക്കുണ്ടാകുന്ന നേരിയ തകരാറുകൾ പോലും ഈ മൂത്രപരിശോധനയിലൂടെ കൃത്യമായി കണ്ടെത്താനാകും. ആരോഗ്യമുള്ള വൃക്കകൾ ആൽബുമിൻ എന്ന പ്രോട്ടീനിനെ മൂത്രത്തിലൂടെ പുറത്തുവിടാറില്ല. മൂത്രത്തിൽ ആൽബുമിന്റെ അളവ് കൂടുന്നത് വൃക്കരോഗത്തിന്റെ പ്രാരംഭ സൂചനയാണ്. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെ തകരാറിലാക്കുമെന്നതിനാൽ, കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കുന്നതും ലളിതമായ രക്ത-മൂത്ര പരിശോധനകൾ നടത്തുന്നതും വൃക്കരോഗത്തെ തുടക്കത്തിലേ തടയാൻ ഏറെ സഹായിക്കും.









