വാഷിംഗ്ടൺ: പ്രത്യുൽപ്പാദന നിരക്ക് (Fertility Rate) ഗണ്യമായി കുറയുമ്പോഴും ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ അടുത്ത അരനൂറ്റാണ്ടിനുള്ളിൽ 57 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്ന് പ്രമുഖ അമേരിക്കൻ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) പുതിയ പഠന റിപ്പോർട്ട്. 2020-നും 2070-നും ഇടയിലുള്ള ആഗോള മതജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് തയ്യാറാക്കിയ ‘ദി ഫ്യൂച്ചർ ഓഫ് വേൾഡ് റിലീജിയൻസ്’ (The Future of World Religions: Population Growth Projections, 2020–2070) എന്ന റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. 2070 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുസ്ലിം സ്ത്രീകൾക്കിടയിലെ ജനനനിരക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് കുറയുകയും ഹിന്ദു-മുസ്ലിം ജനനനിരക്കുകൾ തമ്മിലുള്ള അന്തരം കുറഞ്ഞുവരികയും ചെയ്യുമ്പോഴും ജനസംഖ്യ വർദ്ധിക്കാൻ പ്രധാന കാരണം സമുദായത്തിലെ യുവജനങ്ങളുടെ ഉയർന്ന അനുപാതമാണ് (Younger age profile). 2020-ലെ കണക്കനുസരിച്ച് ഇന്ത്യൻ മുസ്ലിങ്ങളുടെ ശരാശരി പ്രായം (Median age) വെറും 24 വയസ്സാണ്. പ്രത്യുൽപ്പാദന പ്രായത്തിലുള്ള യുവാക്കളുടെ എണ്ണം കൂടുതലായതിനാൽ, ശരാശരി കുട്ടികളുടെ എണ്ണം കുറഞ്ഞാലും മൊത്തത്തിലുള്ള ജനസംഖ്യയിൽ വലിയ വർദ്ധനവുണ്ടാകും. 2020-ൽ 21.3 കോടിയായിരുന്ന (213 മില്യൺ) ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2070-ഓടെ 33.4 കോടിയായി (334 മില്യൺ) ഉയരുമെന്നാണ് പ്രവചനം. ഇതോടെ രാജ്യത്തെ ആകെ ജനസംഖ്യയിൽ മുസ്ലിങ്ങളുടെ വിഹിതം നിലവിലുള്ള 15.2 ശതമാനത്തിൽ നിന്ന് 19.6 ശതമാനമായി (ഏകദേശം 20 ശതമാനം) വർദ്ധിക്കും.
അതേസമയം, 2070-ലും ഇന്ത്യയിലെ ജനസംഖ്യയുടെ നാലിൽ മൂന്ന് ഭാഗത്തിലധികവും ഹിന്ദുക്കൾ തന്നെയായിരിക്കും.2020-ൽ 111 കോടിയായിരുന്ന (1.11 ബില്യൺ) ഹിന്ദു ജനസംഖ്യ 2070-ഓടെ 17.6 കോടിയുടെ വർദ്ധനവോടെ 129 കോടിയായി (1.29 ബില്യൺ) ഉയരും. എന്നാൽ ഇതര വിഭാഗങ്ങളുടെ വളർച്ചാനിരക്ക് കൂടുതലായതിനാൽ ആകെ ജനസംഖ്യയിൽ ഹിന്ദുക്കളുടെ വിഹിതം 79.4 ശതമാനത്തിൽ നിന്ന് 75.8 ശതമാനമായി നേരിയ തോതിൽ കുറയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ കുടുംബാരോഗ്യ സർവേ (NFHS) കണക്കുകൾ പ്രകാരം, 1992-93 കാലഘട്ടത്തിൽ മുസ്ലിം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് 4.4 ആയിരുന്നത് കുടുംബാസൂത്രണ മാർഗ്ഗങ്ങൾ വ്യാപകമായതോടെ 2019-21-ൽ 2.36 ആയി കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവിൽ ഹിന്ദു സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് 3.3-ൽ നിന്ന് 1.94 ആയും താഴ്ന്നു. കൂടാതെ, ഇന്ത്യയിലെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ മതപരിവർത്തന നിരക്ക് വളരെ കുറവാണെന്നും (99 ശതമാനം പേരും ജനിച്ച മതത്തിൽ തന്നെ തുടരുന്നു) ഇത് ജനസംഖ്യാ വളർച്ചയെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ആഗോളതലത്തിലും വലിയ ജനസംഖ്യാ മാറ്റങ്ങളാണ് പ്യൂ റിസർച്ച് പ്രവചിക്കുന്നത്. 2020-നും 2070-നും ഇടയിൽ ലോകത്തെ മുസ്ലിം ജനസംഖ്യ 80 ശതമാനം വർദ്ധിക്കുകയും, 2035-ഓടെ ക്രിസ്ത്യാനികളെ മറികടന്ന് ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതവിഭാഗമായി മാറുകയും ചെയ്യും. നിലവിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയെ പിന്തള്ളി 2070-ൽ 46.1 കോടി ജനസംഖ്യയുമായി പാകിസ്താൻ ഒന്നാം സ്ഥാനത്തെത്തും. 33.4 കോടി ജനസംഖ്യയുമായി ഇന്ത്യ രണ്ടാമതും, നൈജീരിയ മൂന്നാമതും, ഇന്തോനേഷ്യ നാലാമതുമായിരിക്കും. ആഗോള മുസ്ലിം ജനസംഖ്യയുടെ 9.2 ശതമാനവും അന്ന് ഇന്ത്യയിലായിരിക്കുമെന്നും 201 രാജ്യങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് തയ്യാറാക്കിയ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.








