ഡബ്ലിൻ: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷങ്ങൾക്കും വർഷാവസാന യാത്രകൾക്കും സഞ്ചാരികൾക്ക് വലിയ ആശ്വാസവുമായി അയർലൻഡ്. ഷോർട്ട്-സ്റ്റേ വിസ വെയ്‌വർ പ്രോഗ്രാം ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ പൗരന്മാർക്കായി അയർലൻഡ് നീട്ടി. 2026 ഒക്ടോബർ 31-ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് 2026 ഡിസംബർ 31 വരെ നീട്ടിയത്. ഒക്ടോബർ 29 മുതലാണ് ഈ നീട്ടൽ പ്രാബല്യത്തിൽ വന്നത്.
യോഗ്യമായ യുകെ ഹ്രസ്വകാല വിസയുള്ളവർക്ക് പ്രത്യേകമായി അയർലൻഡ് വിസയ്ക്ക് അപേക്ഷിക്കാതെയും അധിക വിസ ഫീസ് നൽകാതെയും അയർലൻഡ് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യാൻ ഈ പദ്ധതി അവസരമൊരുക്കുന്നു.
അയർലൻഡിൽ പരമാവധി 90 ദിവസം വരെയോ, അല്ലെങ്കിൽ യുകെയിൽ അനുവദിച്ചിട്ടുള്ള താമസ കാലാവധി തീരുന്നത് വരെയോ (ഏതാണോ കുറവ് അത്) തങ്ങാം. ഉദാഹരണത്തിന്, യുകെയിലെ താമസാനുമതിയിൽ 20 ദിവസമാണ് ബാക്കിയുള്ളതെങ്കിൽ അയർലൻഡിലും 20 ദിവസമേ തുടരാനാകൂ. ഡിസംബർ 31-ന് ശേഷം ഈ പദ്ധതി വീണ്ടും നീട്ടുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.
ഇന്ത്യയ്‌ക്കൊപ്പം ഏഷ്യ, കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 20 രാജ്യങ്ങൾ കൂടി ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ഇന്ത്യ, ചൈന, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം.
മറ്റ് രാജ്യങ്ങൾ: ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബോസ്നിയ-ഹെർസഗോവിന, കൊസോവോ, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, സെർബിയ, തുർക്കിയ, കൊളംബിയ, പെറു എന്നീ രാജ്യങ്ങൾക്കാണ് തീരുമാനം അനുകൂലമാകുന്നത്.
യാത്രയ്ക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട കർശന നിബന്ധനകൾ
വിസ വെയ്‌വർ ആനുകൂല്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നിയമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം:
യുകെ വിസ കൈവശമുണ്ടായതുകൊണ്ട് മാത്രം അയർലൻഡിലേക്ക് പോകാനാകില്ല. നിങ്ങൾ ആ വിസ ഉപയോഗിച്ച് യുകെയിൽ എത്തി അവിടുത്തെ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയിരിക്കണം. വിമാനത്താവളത്തിൽ വിമാനം മാറിക്കയറാൻ മാത്രം നിൽക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
യുകെയിൽ പ്രവേശിച്ച് ഇമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് അയർലൻഡിലേക്ക് പോകുന്നത്. (യുകെയിലേക്കുള്ള നിലവിലെ താമസാനുമതിയിൽ കാലാവധി ബാക്കിയുണ്ടെങ്കിൽ, യുകെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷവും യോഗ്യതാ നിബന്ധനകൾ പാലിച്ച് യാത്ര ചെയ്യാം).
യുകെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (UK ETA), ട്രാൻസിറ്റ് വിസകൾ, വിവാഹം/സിവിൽ പാർട്ണർഷിപ്പ് ആവശ്യങ്ങൾക്കുള്ള വിസകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടില്ല. ദീർഘകാല വിദ്യാർത്ഥി വിസ, വർക്ക് വിസ, കുടുംബ പുനഃസംയോജന വിസ തുടങ്ങിയ ദീർഘകാല അനുമതികളുള്ളവർക്കും നേരിട്ട് ഈ വെയ്‌വർ ലഭിക്കില്ല.
എല്ലാ യോഗ്യതകളുമുണ്ടെങ്കിലും അയർലൻഡ് അതിർത്തിയിലെ ബോർഡർ ഓഫീസർമാരുടെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായി മാത്രമേ പ്രവേശനം ലഭിക്കൂ.












