ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വമ്പൻ ആശ്വാസം നൽകി സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രപരമായ ഇടിവ്. രാജ്യാന്തര വിപണിയിലെ വൻ തകർച്ചയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 3,760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,080 രൂപയായി താഴ്ന്നു. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 385 രൂപ ഇടിഞ്ഞ് 9,420 രൂപയായി. വിപണിയിലെ പുത്തൻ താരങ്ങളായ 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 14 കാരറ്റിന് ഗ്രാമിന് 300 രൂപ കുറഞ്ഞ് 7,375 രൂപയും, 9 കാരറ്റിന് 190 രൂപ കുറഞ്ഞ് 4,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയും തകർന്നുവീഴുകയാണ്; സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണവില ഒറ്റയടിക്ക് 200 ഡോളറിലധികം ഇടിഞ്ഞ് ഔൺസിന് 3,517 ഡോളർ വരെയെത്തിയിട്ടുണ്ട്. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ വർഷം ജനുവരിയിൽ ഔൺസിന് 5,600 ഡോളറിന് മുകളിലെത്തി റെക്കോർഡ് കുറിച്ച സ്വർണമാണ് ഇപ്പോൾ കൂപ്പുകുത്തുന്നത്. ഫണ്ട്സ് ഇന്ത്യ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2026-ൽ ഇതുവരെ ദേശീയ വിപണിയിൽ സ്വർണവില 25 ശതമാനത്തോളം ഇടിവ് നേരിട്ടു. 1980-ന് ശേഷം (അന്ന് 40% ഇടിഞ്ഞിരുന്നു) ഒരു വർഷത്തിനുള്ളിൽ സ്വർണവില ഇത്രയധികം തകരുന്നത് ഇതാദ്യമാണ്. സാധാരണഗതിയിൽ ചില വർഷങ്ങളിൽ 10 മുതൽ 15 ശതമാനം വരെ വിലയിടിവ് ഉണ്ടാകാറുണ്ടെങ്കിലും, വർഷം പൂർത്തിയാകും മുൻപേ 25 ശതമാനം ഇടിയുന്നത് അപൂർവ്വമാണ്. രാജ്യാന്തര വിപണിയിൽ വെള്ളിവില 7.17 ശതമാനം ഇടിഞ്ഞ് ഔൺസിന് 41.94 ഡോളറായതും വ്യാവസായിക മേഖലയിൽ നിന്നുള്ള ഡിമാൻഡ് കുറയുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്.
ഇറാൻ-യു.എസ് യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതാണ് സ്വർണവിലയുടെ ഈ തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. ക്രൂഡോയിൽ വില കൂടിയതോടെ അമേരിക്കയിലും ഇന്ത്യയിലും ഉൾപ്പെടെ ലോകരാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം നിയന്ത്രണാതീതമായി. യു.എസിൽ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലും, ഇന്ത്യയിൽ റിസർവ് ബാങ്കിന്റെ സഹനപരിധിയായ 4 ശതമാനവും കടന്ന് 6 ശതമാനത്തിന് മുകളിലുമെത്തി. പണപ്പെരുപ്പം പിടിച്ചുകെട്ടാൻ യു.എസ് ഫെഡറൽ റിസർവും ആർ.ബി.ഐയും അടിസ്ഥാന പലിശനിരക്കുകൾ വീണ്ടും കുത്തനെ ഉയർത്താൻ ഒരുങ്ങുകയാണ്. പലിശനിരക്ക് കൂടുമ്പോൾ ഡോളറും യു.എസ് ട്രഷറി ബോണ്ട് യീൽഡും ശക്തിപ്പെടുകയും, ഇതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നതാണ് വിലയിടിവിന് വഴിവെച്ചത്. രാജ്യാന്തരവില 3,500 ഡോളറിനും താഴേക്ക് പോകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില വൈകാതെ തന്നെ 90,000 രൂപയ്ക്ക് താഴെയെത്തും.
വില കുത്തനെ കുറഞ്ഞെങ്കിലും കേരളത്തിലെ ജ്വല്ലറികളിൽ ഉപഭോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വില കുറഞ്ഞ അവസരം മുതലെടുത്ത് സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും, വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയാണ്. വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നവർക്ക് ഈ വിലയിടിവ് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ, ഉയർന്ന വിലയിൽ നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടിയവർക്കും, അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം വിൽക്കാനോ പണയം വെക്കാനോ ശ്രമിക്കുന്നവർക്കും ഈ അപ്രതീക്ഷിത വിലയിടിവ് കനത്ത തിരിച്ചടിയായിരിക്കുകയാണ്.












