ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി (Swiggy) വഴി വെജിറ്റേറിയൻ ബർഗറുകൾ ഓർഡർ ചെയ്ത ഉപഭോക്താവിന് നോൺ-വെജിറ്റേറിയൻ ബർഗറുകൾ നൽകിയ സംഭവത്തിൽ ബർഗർ കിംഗ് ഇന്ത്യയ്ക്കും (Burger King India) സ്വിഗ്ഗിക്കും കനത്ത തിരിച്ചടി. ഇരു സ്ഥാപനങ്ങളും ചേർന്ന് പരാതിക്കാരന് 72,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഗുരുഗ്രാം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഉപഭോക്താവിന്റെ വിശ്വാസത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന തരത്തിൽ ഇരു സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് ഗുരുതരമായ സേവന വീഴ്ചയാണ് (Deficiency in service) ഉണ്ടായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഗുരുഗ്രാം സെക്ടർ 46-ൽ താമസിക്കുന്ന ഭഗവാൻ ദാസ് മംഗ്ല നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ ഈ നിർണ്ണായക വിധി. 2021 ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് സുഖമില്ലാതിരുന്നതിനാൽ തന്റെ രണ്ട് കുട്ടികൾക്ക് കഴിക്കുന്നതിനായി സ്വിഗ്ഗി വഴി ബർഗർ കിംഗിൽ നിന്ന് നാല് വെജിറ്റേറിയൻ ബർഗറുകളാണ് മംഗ്ല ഓർഡർ ചെയ്തത്. എന്നാൽ, വീട്ടിലെത്തിയ പാക്കറ്റിൽ ഉണ്ടായിരുന്നത് നോൺ-വെജിറ്റേറിയൻ ബർഗറുകളായിരുന്നു. ഭക്ഷണപ്പൊതി വാങ്ങി മേശപ്പുറത്ത് വെച്ച ശേഷം ഭാര്യ വിശ്രമിക്കാൻ പോയ സമയത്ത്, കുട്ടികൾ പാക്കറ്റ് തുറന്ന് ബർഗറുകൾ കഴിക്കുകയായിരുന്നു.
ബർഗർ കഴിച്ചയുടൻ അസാധാരണമായ രുചി അനുഭവപ്പെട്ടതായും പിന്നാലെ ഓക്കാനവും ഛർദ്ദിയും ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടായതായും കുട്ടികൾ അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വെജിറ്റേറിയൻ ബർഗറുകൾക്ക് പകരം നോൺ-വെജിറ്റേറിയൻ ബർഗറുകളാണ് വിതരണം ചെയ്തതെന്ന് വ്യക്തമായത്. ഉടൻതന്നെ അന്ന് വൈകുന്നേരം 6.24-ന് സ്വിഗ്ഗി ആപ്പ് വഴി പരാതി നൽകിയെങ്കിലും കമ്പനികളുടെ ഭാഗത്തുനിന്ന് തൃപ്തികരമായ പരിഹാരമൊന്നും ഉണ്ടായില്ല. പൂർണ്ണമായും സസ്യാഹാരികളായ തങ്ങളുടെ മതവികാരങ്ങളെ ഈ സംഭവം ആഴത്തിൽ വ്രണപ്പെടുത്തിയെന്നും, കുടുംബത്തിന് കടുത്ത മാനസിക വിഷമവും കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മംഗ്ല ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരനായ പിതാവിന്റെ ആരോപണങ്ങൾ രേഖാമൂലമുള്ള തെളിവുകളാൽ സാധൂകരിക്കപ്പെട്ടതാണെന്നും, ഇതിനെ ഖണ്ഡിക്കാൻ തക്കതായ യാതൊരു തെളിവും ഹാജരാക്കാൻ ബർഗർ കിംഗിനോ സ്വിഗ്ഗിക്കോ സാധിച്ചില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന ഭക്ഷണം കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം റെസ്റ്റോറന്റിനും ഡെലിവറി പ്ലാറ്റ്‌ഫോമിനും ഒരുപോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 72,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.









