ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സും ഉൾപ്പെടെയുള്ള ഹ്രസ്വ വീഡിയോകൾ (Short-form videos) തുടർച്ചയായി സ്ക്രോൾ ചെയ്യുന്നത് യുവാക്കളുടെ ജീവിതസംതൃപ്തി കുറയ്ക്കുകയും കടുത്ത ഏകാന്തതയിലേക്കും വിഷാദത്തിലേക്കും നയിക്കുകയും ചെയ്യുമെന്ന് പുതിയ ആഗോള പഠനം. വാഷിംഗ്ടൺ ആസ്ഥാനമായുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ ‘ഗാലപ്പ്’ (Gallup), ബോസ്റ്റൺ ചിൽഡ്രൻസ് ഡിജിറ്റൽ വെൽനസ് ലാബുമായി സഹകരിച്ച് 16 രാജ്യങ്ങളിലെ 15-നും 22-നും ഇടയിൽ പ്രായമുള്ള ഏകദേശം 16,000 യുവാക്കൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2026 മെയ് 28 മുതൽ ഓഗസ്റ്റ് 21 വരെയുള്ള കാലയളവിലാണ് ‘ഫ്രണ്ട്ഷിപ്പ് ഇൻ ആൻ ഓൺലൈൻ-ഓഫ്‌ലൈൻ വേൾഡ്’ എന്ന പേരിൽ ഈ പഠനം നടത്തിയത്.
മൊബൈൽ ഫോണിലൂടെ ലോകത്തെല്ലാവരുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, അത് യഥാർത്ഥ മാനസിക സന്തോഷം നൽകുന്നില്ലെന്ന് പഠനം വ്യക്തമാക്കുന്നു. സർവ്വേയിൽ പങ്കെടുത്ത 72 ശതമാനം യുവാക്കളും സ്ഥിരമായി ഷോർട്ട് വീഡിയോകൾ സ്ക്രോൾ ചെയ്യുന്നവരാണ്. ഓൺലൈൻ പ്രവർത്തനങ്ങളിൽ ജീവിതസംതൃപ്തിയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇത്തരം ഹ്രസ്വ വീഡിയോകളുടെ അമിത ഉപയോഗമാണെന്ന് ഗാലപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദൈർഘ്യമേറിയ വീഡിയോകൾ (Long-form videos) കാണുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അതായത്, സ്ക്രീനിൽ ചെലവഴിക്കുന്ന സമയത്തേക്കാൾ ഉപരിയായി, എന്ത് തരം ഉള്ളടക്കമാണ് കാണുന്നത് എന്നതാണ് പ്രധാനം.
ഫോണിനോടുള്ള അമിതമായ ആശ്രയത്വം (Digital Attachment) അളക്കുന്നതിനായി ഗവേഷകർ മൂന്ന് മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്—ഏറ്റവും കൂടുതൽ സമയം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലെ സമയം, രാത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള ഓൺലൈൻ ഉപയോഗം, ഫോൺ കൈയിലില്ലാത്തപ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥത എന്നിവയാണവ. ഡിജിറ്റൽ ആശ്രയത്വം കുറഞ്ഞവരിൽ 20 ശതമാനം പേർ മാത്രമാണ് ഏകാന്തത അനുഭവിക്കുന്നതെങ്കിൽ, അമിതമായി ഫോണിനെ ആശ്രയിക്കുന്നവരിൽ ഇത് 42 ശതമാനമാണ്. ഇവരിൽ 51 ശതമാനം പേർക്കും മിതമായതോ കഠിനമായതോ ആയ ഉത്കണ്ഠയും വിഷാദരോഗ ലക്ഷണങ്ങളും ഉള്ളതായും സർവ്വേ വെളിപ്പെടുത്തുന്നു. സൗഹൃദങ്ങൾ നിലനിർത്താനും ഒറ്റപ്പെട്ടുപോകാതിരിക്കാനും എപ്പോഴും ഓൺലൈനിൽ സജീവമായിരിക്കണമെന്ന സമ്മർദ്ദമാണ് യുവാക്കളെ ഇതിലേക്ക് തള്ളിവിടുന്നത്.
ഓൺലൈൻ സൗഹൃദങ്ങളേക്കാൾ യഥാർത്ഥ ജീവിതത്തിലെ സൗഹൃദങ്ങളാണ് (In-person friendships) യുവാക്കൾക്ക് കരുത്താകുന്നതെന്നും പഠനം അടിവരയിടുന്നു. സർവ്വേയിൽ പങ്കെടുത്ത 93 ശതമാനം പേർക്കും നേരിട്ട് കാണുന്ന അടുത്ത സുഹൃത്തുക്കളുണ്ട്. ഇതിൽ 41 ശതമാനം പേരും തങ്ങളുടെ ഓഫ്‌ലൈൻ സൗഹൃദങ്ങളെ അതീവ ഗുണനിലവാരമുള്ളതായി (High-quality) വിലയിരുത്തുമ്പോൾ, ഓൺലൈൻ വഴി മാത്രമുള്ള സൗഹൃദങ്ങളെ 26 ശതമാനം പേർ മാത്രമാണ് അത്തരത്തിൽ കാണുന്നത്. ഓൺലൈൻ സുഹൃത്തുക്കൾ മാത്രമുള്ളവരിൽ ഏകാന്തതയും വിഷാദവും കൂടുതലാണെന്നും, ഇവരിൽ 68 ശതമാനം പേരും നേരിട്ട് സുഹൃത്തുക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിനുപുറമെ, മൂന്നിലൊന്ന് യുവാക്കൾ (33%) ഏകാന്തത മാറ്റാനായി എ.ഐ (AI) ചാറ്റ്ബോട്ടുകളെ സുഹൃത്തുക്കളായി കാണുന്നുണ്ടെന്ന കൗതുകകരമായ വിവരവും പഠനത്തിലുണ്ട്.
സോഷ്യൽ മീഡിയ പൂർണ്ണമായും ഉപേക്ഷിക്കണമെന്നല്ല, മറിച്ച് സ്ക്രീനിന് പുറത്തുള്ള ജീവിതത്തിന് മുൻഗണന നൽകണമെന്നാണ് ഈ പഠനം ഓർമ്മിപ്പിക്കുന്നത്. കുടുംബത്തിലെ സാമ്പത്തിക ഭദ്രത, വീട്ടിലെ സുരക്ഷിതത്വബോധം, മാതാപിതാക്കളുമായുള്ള മികച്ച ബന്ധം, ആഴ്ചയിലൊരിക്കലെങ്കിലും കൂട്ടായ പ്രവർത്തനങ്ങളിൽ (Group activities) പങ്കെടുക്കൽ, കുടുംബത്തിന് പുറത്ത് വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയുടെ (അധ്യാപകരോ മെന്ററോ) സാന്നിധ്യം എന്നിവയാണ് യുവാക്കളുടെ ജീവിതസംതൃപ്തി ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്ന ഘടകങ്ങളെന്നും ഗാലപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു.








