ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രാത്തിരക്കുള്ള റൂട്ടെന്ന ചരിത്ര നേട്ടം സ്വന്തമാക്കി തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്. റെയിൽവേ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 189.35 ശതമാനം ഒക്യുപൻസി നിരക്ക് രേഖപ്പെടുത്തിയാണ് ഈ സർവീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഒരു ട്രെയിനിൽ ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ സഞ്ചരിക്കുമ്പോഴാണ് ഒക്യുപൻസി നിരക്ക് 100% വും കടക്കുന്നത്. യാത്രയുടെ ആരംഭ സ്റ്റേഷനിൽ നിന്ന് അവസാന സ്റ്റേഷൻ വരെ പൂർണ്ണമായി സഞ്ചരിക്കുന്നവർക്ക് പുറമെ, ഇടയിലുള്ള സ്റ്റേഷനുകളിൽ നിന്ന് ഇറങ്ങുകയും പുതിയ യാത്രക്കാർ കയറുകയും (S ചെയ്യുന്നതാണ് നിരക്ക് 189.35 ശതമാനത്തിൽ എത്തിനിൽക്കാൻ കാരണം.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ്, മംഗളൂരു ഭാഗങ്ങളിലേക്ക് പോകുന്ന മടക്ക സർവീസിനാണ് (വണ്ടി നമ്പർ 20632) ഏറ്റവും ഉയർന്ന നിരക്കായ 189.35% ഉള്ളത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസും (വണ്ടി നമ്പർ 20631) 174.77 ശതമാനം ഒക്യുപൻസിയോടെ മുൻനിരയിൽ തന്നെയുണ്ട്.
വടക്കൻ മലബാറിലെ യാത്രക്കാരുടെ വൻ പിന്തുണ കേരളത്തിലെ രണ്ട് വന്ദേ ഭാരത് സർവീസുകളും തുടക്കം മുതൽ തന്നെ വൻ വിജയമായിരുന്നുവെങ്കിലും തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ ആലപ്പുഴ വഴി ഓടുന്ന വന്ദേ ഭാരതിനാണ് വിപ്ലവാത്മകമായ സ്വീകാര്യത ലഭിച്ചത്. സമയലാഭവും സുഖകരമായ യാത്രയും ഉറപ്പാക്കുന്ന വന്ദേ ഭാരതിന് പ്രത്യേകിച്ച് ഐ.ടി ജീവനക്കാർ, വ്യവസായികൾ, സ്ഥിരം യാത്രക്കാർ എന്നിവരിൽ നിന്ന് വൻ ആവശ്യക്കാരാണുള്ളത്.
മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഡൽഹി-വാരാണസി, ഹൗറ-കാമാഖ്യ തുടങ്ങിയ പ്രമുഖ റൂട്ടുകളെയും ഉത്തരേന്ത്യയിലെ പ്രീമിയം വന്ദേ ഭാരത് സർവീസുകളെയും പിന്നിലാക്കിയാണ് കേരളത്തിലൂടെ ഓടുന്ന ഈ വന്ദേ ഭാരത് നേട്ടം സ്വന്തമാക്കിയത്. രാജ്യത്തെമ്പാടുമുള്ള വന്ദേ ഭാരത് ചെയർ കാറുകളുടെ ശരാശരി ഒക്യുപൻസി നിരക്ക് 99.10 ശതമാനമായിരിക്കുമ്പോഴാണ് കേരളത്തിലെ സർവീസ് 189%-ത്തിന് മുകളിൽ രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്.
ഈ ഉയർന്ന യാത്രാത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ വന്ദേ ഭാരത് കോച്ചുകൾ അനുവദിക്കണമെന്നും വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾ കേരളത്തിലേക്ക് വ്യാപിപ്പിക്കണമെന്നുമുള്ള ആവശ്യവും ശക്തമാകുകയാണ്.










