പാകിസ്ഥാന്റെ മാമ്പഴ വിപണിയെയും പശ്ചിമേഷ്യയിലെ സംഘർഷം പിടിച്ചുലയ്ക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും പാക്കിസ്ഥാന്റെ മാമ്പഴ കയറ്റുമതിക്ക് വലിയ തിരിച്ചടിയുണ്ടാകുകയും ചെയ്തു. ലോകപ്രശസ്തമായ പാക്കിസ്ഥാന്റെ മാമ്പഴത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഗൾഫ് വിപണിയിലേക്കുള്ള കയറ്റുമതി കുത്തനെ കുറഞ്ഞതോടെ കോടികളുടെ വരുമാന നഷ്ടമാണ് രാജ്യം നേരിടുന്നത്. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി പുതിയ അവസരങ്ങൾ തുറക്കുമോ എന്ന ചർച്ചയും ശക്തമാകുകയാണ്.
2026ൽ ഇതുവരെ പാക്കിസ്ഥാന്റെ മാമ്പഴ കയറ്റുമതിയിൽ 36 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഓൾ പാക്കിസ്ഥാൻ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾസ് എക്സ്പോർട്ടേഴ്സ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 1.23 ലക്ഷം മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ കയറ്റുമതി 78,000 ടണ്ണിലേക്ക് ചുരുങ്ങി. പാക്കിസ്ഥാന്റെ മാമ്പഴ കയറ്റുമതിയുടെ പ്രധാന ആശ്രയമായ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 36,000 ടണ്ണായിരുന്ന ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി വെറും 14,500 ടണ്ണായി താഴ്ന്നു. പകുതിയിലധികം വിപണിയാണ് പാക്കിസ്ഥാന് നഷ്ടമായത്.
കയറ്റുമതി അളവിൽ മാത്രമല്ല, വരുമാനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാൻ മാമ്പഴ കയറ്റുമതിയിലൂടെ ഏകദേശം 10 കോടി ഡോളർ വരുമാനം നേടിയിരുന്നു. എന്നാൽ ഇത്തവണ അത് ആറു കോടി ഡോളറായി ചുരുങ്ങിയെന്നാണ് അസോസിയേഷൻ മേധാവി വഹീദ് അഹമ്മദ് വ്യക്തമാക്കുന്നത്. ഏകദേശം നാലു കോടി ഡോളറിന്റെ വരുമാന നഷ്ടം. കയറ്റുമതി വിപണിയിലെ അനിശ്ചിതത്വത്തിനൊപ്പം ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചതും പാക്കിസ്ഥാന്റെ മാമ്പഴ വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യുദ്ധത്തിനു മുൻപ് ഒരു ചരക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ചെലവ് 1,000 മുതൽ 1,400 ഡോളർ വരെയായിരുന്നു. എന്നാൽ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇത് 8,000 ഡോളർ വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ, സുരക്ഷാ ആശങ്കകൾ, റൂട്ടുകളിലെ മാറ്റങ്ങൾ, ഇൻഷുറൻസ് ചെലവുകൾ, യാത്രാ ദൈർഘ്യം വർധിക്കൽ എന്നിവയെല്ലാം ചരക്കുനീക്കത്തെ കൂടുതൽ ചെലവേറിയതാക്കുന്നു. പഴങ്ങൾ പോലുള്ള വേഗത്തിൽ കേടാകുന്ന ഉൽപന്നങ്ങൾക്ക് ഈ സാഹചര്യം ഇരട്ട തിരിച്ചടിയാണ്. കൂടുതൽ സമയം യാത്ര ചെയ്യേണ്ടിവന്നാൽ ഗുണനിലവാരം കുറയാനും വിപണിയിലെത്തുമ്പോഴേക്കും പഴങ്ങൾ കേടാകാനും സാധ്യതയുണ്ട്. കയറ്റുമതിക്കാർക്ക് നഷ്ടം സംഭവിക്കുന്നതിനൊപ്പം വിദേശ വിപണികളിൽ ഉപഭോക്താക്കൾക്ക് ഉൽപന്നം എത്തിക്കുന്നതും വെല്ലുവിളിയാകുന്നു.
പാക്കിസ്ഥാന്റെ മാമ്പഴ കയറ്റുമതിയെ ബാധിക്കുന്ന ഈ പ്രതിസന്ധി ഇന്ത്യയുടെ മാമ്പഴ വിപണിയിലേക്കും ശ്രദ്ധ തിരിക്കുകയാണ്. ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൻ വ്യത്യാസത്തിലാണ് ഇന്ത്യയുടെ ഉൽപാദനം. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന മാമ്പഴത്തിന്റെ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. എന്നാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും കയറ്റുമതിയിൽ ഇന്ത്യയ്ക്ക് അതേ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് കൗതുകകരമായ കാര്യം.
ലോകത്തിലെ പ്രധാന മാമ്പഴ ഉൽപാദക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ഏകദേശം 2.7 കോടി മെട്രിക് ടൺ മാമ്പഴമാണ് ഇന്ത്യ ഉൽപാദിപ്പിക്കുന്നത്. രണ്ടാമതുള്ള ഇന്തൊനീഷ്യയുടെ ഉൽപാദനം 41.36 ലക്ഷം ടണ്ണും മൂന്നാമതുള്ള ചൈനയുടേത് 40.75 ലക്ഷം ടണ്ണുമാണ്. മെക്സിക്കോ 26.50 ലക്ഷം ടണ്ണും ബ്രസീൽ 23.95 ലക്ഷം ടണ്ണും ഉൽപാദിപ്പിക്കുന്നു. പാക്കിസ്ഥാനാകട്ടെ ഏകദേശം 19 ലക്ഷം ടൺ മാമ്പഴം ഉൽപാദിപ്പിച്ച് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഉൽപാദന മികവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് എത്രത്തോളം വലുതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഉൽപാദനത്തിലെ ഈ മികവ് കയറ്റുമതിയിൽ പ്രതിഫലിക്കുന്നില്ല. ലോകത്തെ മാമ്പഴ ഉൽപാദനത്തിന്റെ ഏകദേശം 40 ശതമാനം ഇന്ത്യയിൽ നിന്നാണെങ്കിലും ആഗോള മാമ്പഴ കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം വെറും ഒരു ശതമാനത്തോളമാണ്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മാമ്പഴത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര വിപണിയിൽ തന്നെ വിറ്റഴിക്കപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. മാമ്പഴത്തിന് ഇന്ത്യയിൽ വലിയ ഉപഭോക്തൃ വിപണിയുണ്ട്. വേനൽക്കാലത്ത് മാമ്പഴം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിലും വിപണിയിലും പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. അതിനാൽ ഉൽപാദിപ്പിക്കുന്ന പഴത്തിന്റെ വലിയൊരു പങ്കും രാജ്യത്തിനുള്ളിൽ തന്നെ ഉപയോഗിക്കപ്പെടുന്നു.
മറ്റൊരു പ്രധാന കാര്യം ഇന്ത്യയുടെ മാമ്പഴ വൈവിധ്യമാണ്. ഏകദേശം ആയിരത്തോളം ഇനങ്ങളുള്ള മാമ്പഴങ്ങളുടെ നാടാണ് ഇന്ത്യ. രുചി, നിറം, വലിപ്പം, മണവും പഴുക്കുന്ന കാലവും തുടങ്ങി ഓരോ ഇനത്തിനും വ്യത്യസ്തതകളുണ്ട്. എന്നാൽ ഇവയിൽ വളരെ കുറച്ച് ഇനങ്ങൾ മാത്രമാണ് വൻതോതിലുള്ള വാണിജ്യ കൃഷിക്കും അന്താരാഷ്ട്ര കയറ്റുമതിക്കും അനുയോജ്യമായ രീതിയിൽ ഉൽപാദിപ്പിക്കുന്നത്. വിദേശ വിപണികളിൽ സ്ഥിരമായി ആവശ്യക്കാരുള്ള ഇനങ്ങൾ, ഒരേ ഗുണനിലവാരത്തിൽ വലിയ അളവിൽ ഉൽപാദിപ്പിക്കാനുള്ള ശേഷി, പഴങ്ങൾ കേടാകാതെ എത്തിക്കുന്ന ശീതീകരണ-സംഭരണ സംവിധാനങ്ങൾ, കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കൽ തുടങ്ങിയ ഘടകങ്ങളും ഇന്ത്യയുടെ കയറ്റുമതി വളർച്ചയെ സ്വാധീനിക്കുന്നു.
ആഗോള മാമ്പഴ കയറ്റുമതിയിൽ മെക്സിക്കോയാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം നാലു ലക്ഷം മെട്രിക് ടൺ മാമ്പഴമാണ് രാജ്യം കയറ്റുമതി ചെയ്യുന്നത്. തായ്‌ലൻഡ് മൂന്ന് ലക്ഷം ടണ്ണുമായി രണ്ടാം സ്ഥാനത്തും ബ്രസീൽ 2.60 ലക്ഷം ടണ്ണുമായി മൂന്നാം സ്ഥാനത്തുമുണ്ട്. പെറു 2.50 ലക്ഷം ടണ്ണും നെതർലൻഡ്സ് 2.10 ലക്ഷം ടണ്ണും കയറ്റുമതി ചെയ്യുന്നു. പാക്കിസ്ഥാനും ഏകദേശം 1.25 ലക്ഷം ടൺ കയറ്റുമതിയുമായി പ്രമുഖ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഇന്ത്യയാകട്ടെ ഒരു ലക്ഷം ടണ്ണിനടുത്ത് കയറ്റുമതി ചെയ്യുന്ന രാജ്യമായി പട്ടികയിൽ പത്താം സ്ഥാനത്താണ്.
യുഎഇ, യുകെ, യുഎസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ 150ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. ആൽഫോൻസോ, കേശർ, ബംഗനപ്പള്ളി, ദസേരി, ലങ്കാര, ചൗസ തുടങ്ങിയ ഇന്ത്യൻ മാമ്പഴ ഇനങ്ങൾക്ക് വിദേശ വിപണികളിലും ആവശ്യക്കാരുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ സമൂഹം കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ മാമ്പഴത്തിന് വലിയ വിപണിയുണ്ട്. എങ്കിലും കയറ്റുമതിയുടെ അളവ് വർധിപ്പിക്കാനും കൂടുതൽ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാനും ഇന്ത്യയ്ക്ക് ഇനിയും സാധ്യതകളുണ്ട്.
പാക്കിസ്ഥാന്റെ മാമ്പഴ കയറ്റുമതിയെ ബാധിച്ച പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള പഴവിപണിയിലെ വിതരണ ശൃംഖല എത്രത്തോളം യുദ്ധങ്ങളെയും ഗതാഗത തടസ്സങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് വീണ്ടും വ്യക്തമാക്കുകയാണ്. ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപാദന ശേഷിയുണ്ടെങ്കിലും അതിനെ കയറ്റുമതി വരുമാനമായി മാറ്റാൻ കഴിയുമോ എന്നതാണ് ഇനി നിർണായക ചോദ്യം. ഉൽപാദനത്തിൽ ‘രാജാവ്’ എന്ന പദവി ഇന്ത്യയ്ക്ക് സ്വന്തമാണ്. എന്നാൽ ആഗോള വിപണിയിലെ കയറ്റുമതി മത്സരത്തിൽ ആ പദവി നേടാൻ ഇന്ത്യയ്ക്ക് ഇനിയും ദൂരം സഞ്ചരിക്കാനുണ്ട്.









