ന്യൂഡൽഹി: 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ പുൽമേട്ടിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറയുടെ വിവരങ്ങൾക്കായി ചൈനയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ വ്യക്തമാക്കി. മറുപടി ലഭിച്ചില്ലെങ്കിലും അന്വേഷണ ഏജൻസിക്ക് സ്വന്തമായി ശക്തമായ ഫോറൻസിക് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നെതർലൻഡ്‌സിലെ നിർമ്മാതാക്കളായ ‘ഗോപ്രോ ബി.വി’യിൽ (G നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം, സീരിയൽ നമ്പർ C3501325471706 ഉള്ള ഈ ക്യാമറ ചൈന ആസ്ഥാനമായുള്ള ‘AE ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന വിതരണക്കാരനാണ് നൽകിയത്. 2024 ജനുവരി 30-ന് ചൈനയിലെ ഡോങ്‌ഗുവാനിലാണ് ഈ ക്യാമറ ആക്ടിവേറ്റ് ചെയ്തതെന്ന് കണ്ടെത്തി.
ഭീകരസംഘത്തിന്റെ നീക്കങ്ങളും ആക്രമണത്തിന് മുൻപുള്ള നിരീക്ഷണങ്ങളും കണ്ടെത്തുന്നതിനായി ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി ചൈനയ്ക്ക് ലെറ്റർ റോഗേറ്ററി (നിയമപരമായ അഭ്യർത്ഥന) അയച്ചിരുന്നു. ക്രിമിനൽ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ പരസ്പര നിയമസഹായ ഉടമ്പടി (MLAT) ഇല്ലാത്തതിനാൽ, ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള UNTOC (United Nations Convention against Transnational Organized Crime) പ്രകാരമാണ് സഹായം തേടിയത്.
ആക്രമണസമയത്ത് ഭീകരർ ഗോപ്രോ ക്യാമറ ഉപയോഗിച്ച് കൊലപാതകങ്ങൾ ചിത്രീകരിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട നിരവധി ദൃക്സാക്ഷികൾ എൻഐഎയ്ക്ക് മൊഴി നൽകിയിരുന്നു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു കുതിരക്കാരനുമാണ് മരിച്ചത്. ഈ കേസിൽ ഇതിനകം രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചു കഴിഞ്ഞു; ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ പേരും ഇതിലുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സുലൈമാൻ ഷാ, ഹംസ അഫ്ഗാനി എന്ന അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെ ജൂലൈ 28-ന് ദച്ചിഗാം വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചിരുന്നു. കൂടാതെ ദി റെസിസ്റ്റൻസ് ഫ്രണ്ട് , പാകിസ്താനിലെ സൂത്രധാരൻ സാജിദ് ജട്ട്, ഭീകരർക്ക് അഭയം നൽകിയ രണ്ട് പ്രദേശവാസികൾ എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ മെയ് 7-ന് പുലർച്ചെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര-സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു (മെയ് 10-നാണ് വെടിനിർത്തൽ നിലവിൽ വന്നത്).









