കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിൽ ആറാം ക്ലാസ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചു. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. കെഎൻഎസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്നലെ വൈകിട്ടോടെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജനൽ കമ്പിയിൽ തോർത്ത് കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക വീട്ടിലേക്ക് വിളിച്ചറിയിച്ചതിനെത്തുടർന്ന് അമ്മ ദേവദർശിനെ വഴക്കു പറഞ്ഞിരുന്നു. ഇതിലുണ്ടായ മനോവിഷമമാണ് കുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമമോ അനുഭവപ്പെടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സഹായത്തിനായി ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക: 1056, 0471-2552056)*












