ഹൈദരാബാദ്/മുംബൈ: യൂത്ത് കോൺഗ്രസ് ദേശീയ നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ (Meta) ഓഫീസുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ്മ എന്നിവരുടെ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇരുനഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.
ഹൈദരാബാദിലെ മെറ്റ ഓഫീസ് പരിസരത്തേക്ക് ഇരച്ചുകയറിയ തെലങ്കാന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെടിച്ചട്ടികൾ എറിഞ്ഞുടക്കുകയും ഓഫീസ് പരിസരത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഓഫീസ് ഇടനാഴികളിലൂടെയും കഫറ്റീരിയയ്ക്ക് സമീപത്തുകൂടെയും ഓടിയ പ്രവർത്തകർ ചെടിച്ചട്ടികൾ തല്ലിത്തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച പ്രവർത്തകർ മെറ്റയ്ക്കും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചു.
നിയന്ത്രണം ഏർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും പുനഃസ്ഥാപിക്കാൻ മെറ്റയ്ക്ക് ഏഴ് ദിവസത്തെ അന്ത്യശാസനമാണ് യൂത്ത് കോൺഗ്രസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ എത്ര ഇന്ത്യൻ അക്കൗണ്ടുകൾ തടഞ്ഞുവെച്ചുവെന്നും എത്രയെണ്ണം ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും വെളിപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ പരാമർശിക്കുന്നതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിക്കുന്നതോ ആയ പോസ്റ്റുകൾ സ്വയമേവ ബ്ലോക്ക് ചെയ്യുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും, പ്രതിപക്ഷ ശബ്ദങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ക്രിയേറ്റർമാർക്കും മേലുള്ള അനധികൃത നിയന്ത്രണങ്ങൾ നീക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോടതിയിലും തെരുവിലും ഓഫീസുകളിലും പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
അതേസമയം, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള (BKC) മെറ്റ ഓഫീസിന് മുന്നിലും മുംബൈ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സീനത്ത് ഷബ്രിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റർ പ്രവർത്തകർ കത്തിച്ചു.











