വിനോദമാധ്യമങ്ങളിലും വിഡിയോ ഗെയിമുകളിലും സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി നടി പാർവതി തിരുവോത്ത്. ലോകമെമ്പാടുമുള്ള ഗെയിമിങ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ (GTA 6) ഗെയിമിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണമായി മാറിയിരിക്കുന്നുവെന്നും, എന്നാൽ സ്ത്രീകൾക്ക് തുല്യതയും ബഹുമാനവും നൽകുന്ന രംഗങ്ങൾ വരുമ്പോൾ അത് ‘ഫെമിനിസ്റ്റ് പ്രചാരണമായി’ മുദ്രകുത്തപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന കുറിപ്പാണ് താരം പങ്കുവെച്ചത്.
ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റർ നാദിയ കാർലി, നർത്തകിയും കൊറിയോഗ്രാഫറുമായ ഹരിണി എന്നിവർ ചേർന്ന് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് പാർവതി തന്റെ സ്റ്റോറിയായി ഷെയർ ചെയ്തത്. വിനോദലോകത്തെ ലിംഗവിവേചനത്തെ കൃത്യമായി തുറന്നുകാട്ടുന്ന വരികളാണ് കുറിപ്പിലുള്ളത്.
“ജിടിഎ 6-ന് ചുറ്റുമുള്ള വിമർശനങ്ങൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അത്രയേറെ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ആളുകൾ അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറേയില്ല. എന്നാൽ ഒരു വിഡിയോ ഗെയിമിൽ സ്ത്രീകളെ ബഹുമാനിക്കുന്നതോ, സംരക്ഷിക്കുന്നതോ, തുല്യരായി കാണുന്നതോ കാണിച്ചാൽ പെട്ടെന്ന് എല്ലാവരും ‘ഫെമിനിസ്റ്റ് പ്രചാരണം’ എന്ന് പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങും. ഈ ഇരട്ടത്താപ്പ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. അങ്ങേയറ്റം മോശം തന്നെ,” എന്നായിരുന്നു നാദിയ കാർലിയുടെ കുറിപ്പ്.
ജിടിഎ സീരീസിന്റെ ചരിത്രത്തിൽ ആദ്യമായി ‘ലൂസിയ’ എന്ന ശക്തയായ വനിതാ കഥാപാത്രത്തെ പ്രധാന നായികയായി അവതരിപ്പിക്കുന്നതിനെതിരെയും, ഗെയിമിലെ ചില മാറ്റങ്ങൾക്കെതിരെയും സൈബർ ലോകത്തെ ഒരു വിഭാഗം ഗെയിമർമാർക്കിടയിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഗെയിമിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകളാണ് ‘വോക്ക്’ (Woke), ‘ഫെമിനിസ്റ്റ് അജണ്ട’ എന്നീ ആരോപണങ്ങളിലേക്ക് നയിച്ചത്.
സിനിമാ മേഖലയിലെ ലിംഗസമത്വത്തെക്കുറിച്ചും സാമൂഹിക വിഷയങ്ങളെക്കുറിച്ചും എപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാറുള്ള താരമാണ് പാർവതി തിരുവോത്ത്. പോപ്പ് കൾച്ചറിലും ഗെയിമിങ് ലോകത്തും ആഴത്തിൽ വേരൂന്നിയിരിക്കുന്ന സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പ് പാർവതി പങ്കുവെച്ചതോടെ മലയാളം സൈബർ ഇടങ്ങളിലും വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. താരത്തിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.










