ഇൻസ്റ്റഗ്രാം പരസ്യങ്ങളിൽ ആകൃഷ്ടയായി ഫെയർനസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ ‘എഫ്.ട്യൂൺ’ (FTune) സൗന്ദര്യവർദ്ധക ക്രീം നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അരീക്കോട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മുഖത്തെ കുരുക്കളും പാടുകളും മാറുമെന്നും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നും വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെയും വിവിധ ഇൻഫ്ലുവൻസർമാരിലൂടെയും എഫ്.ട്യൂൺ ക്രീം വിൽപ്പന നടത്തിയിരുന്നത്. എന്നാൽ ക്രീം ഉപയോഗിച്ചു തുടങ്ങിയതോടെ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. കാലുകളിൽ നീര് വരികയും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്ന് തലകറക്കവും ക്ഷീണവും ഉണ്ടാവുകയും ചെയ്തതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മെർക്കുറി വിഷബാധയേറ്റ് ശരീരത്തിൽ നിന്ന് അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന ‘മെമ്പ്രനസ് നെഫ്രോപതി’ (Membranous Nephropathy) എന്ന ഗുരുതര വൃക്കരോഗമാണ് പെൺകുട്ടിക്ക് ബാധിച്ചതെന്ന് വ്യക്തമായത്. ക്രീമിന്റെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ 1.25 ശതമാനത്തോളം (12,500 ppm) അമിത അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ചികിത്സയ്ക്കായി ഇതുവരെ ഒരു ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നതായും എഫ്.ഐ.ആറിൽ പറയുന്നു.
ബി.എൻ.എസ് 316(2) (വിശ്വാസ വഞ്ചന), ബി.എൻ.എസ് 318(2) (വഞ്ചന), ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട് 17(ഇ), 17ഇ(ഇ) (വിഷാംശമുള്ളതും ആരോഗ്യത്തിന് ഹാനികരവുമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പന), 27എ(ഐ) (വ്യാജമോ മായം ചേർത്തതോ ആയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പന) തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
സംഭവം വിവാദമായതോടെ ക്രീമിന്റെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം, വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും അനധികൃത സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി സംസ്ഥാന വ്യാപക പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൺസ്യൂമർ കോടതിയെ സമീപിക്കാനും പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്.












