ശ്രീനഗറിലെ കാത്തിദർവാസയിൽ ബീബി ഹലീമ നഴ്സിംഗ് കോളേജ് കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു. രാവിലെ ശ്രീനഗർ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ജമ്മു കശ്മീർ വഖഫ് ബോർഡ് ചെയർപേഴ്സൺ ഡോ. ദരഖ്ഷൻ അന്ദ്രാബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഉദ്ഘാടന ശേഷം മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി രാജ്യത്തെ മറ്റെല്ലാ വഖഫ് ബോർഡുകളേക്കാളും മികച്ച പ്രവർത്തനമാണ് ജമ്മു കശ്മീർ വഖഫ് ബോർഡ് കാഴ്ചവെക്കുന്നതെന്ന് പ്രശംസിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയും തന്റെയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നഴ്സിംഗ് കോളേജിലെ ക്ലാസ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സന്ദർശിച്ച മന്ത്രി സ്ഥാപനത്തിന്റെ മികച്ച നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വഖഫ് ബോർഡ് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം, വികസിത ജമ്മു കശ്മീർ എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും പ്രദേശത്തെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം വികസന പാതയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഴ്സിംഗ് കോളേജിന് പുറമെ വഖഫ് ദിനത്തോടനുബന്ധിച്ച് ഹസ്രത്ത്ബാൽ ദർഗയിൽ നിർമ്മിച്ച വഖഫ് റിവൈവൽ ഫോട്ടോ മ്യൂസിയം, സ്ത്രീകൾക്കുള്ള പ്രാർത്ഥനാ ഹാൾ, ഗസ്റ്റ് ഹൗസ് എന്നിവയും കിരൺ റിജിജു ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കായി ഹസ്രത്ത്ബാലിൽ ഒരുക്കിയ മനോഹരമായ പ്രാർത്ഥനാ സൗകര്യത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കശ്മീർ സന്ദർശനത്തിന്റെ ഭാഗമായി ഷേർ-ഇ-കശ്മീർ കാർഷിക ശാസ്ത്ര സാങ്കേതിക സർവകലാശാലയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.











