ഭർത്താവിനെ വകവരുത്താനായി സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങിയ യുവതിയും രണ്ട് കാമുകന്മാരും പൊലീസ് പിടിയിൽ. ഒഡിഷയിലെ സുബർണപൂർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൊലപാതകം നടന്നത്. സംഭവത്തിൽ ഭാര്യ കബിത നാഗ് (34), ഇവരുമായി അവിഹിത ബന്ധമുണ്ടായിരുന്ന ത്രിലോചൻ എന്നറിയപ്പെടുന്ന ടികെചന്ദ് ബാഗ് (34), ജുബരാജ് സാഹു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 17-ന് രാത്രി സലേപാലി-അയിൻലസാരി റോഡിൽ വെച്ചാണ് കബിതയുടെ ഭർത്താവ് സുദാം നാഗ് (38) വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന അന്ന് രാത്രി തന്നെ അജ്ഞാതനായ ഒരാൾ ഭർത്താവിനെ വെടിവെച്ചുകൊന്നെന്നാരോപിച്ച് കബിത പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനായി കബിത നടത്തിയ നാടകം പക്ഷേ അധികനാൾ നീണ്ടുനിന്നില്ല.
കേസന്വേഷണം ആരംഭിച്ച പൊലീസിന് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കബിതയുടെ രഹസ്യബന്ധങ്ങളെക്കുറിച്ച് നിർണ്ണായക സൂചനകൾ ലഭിച്ചു. തുടർന്ന് കബിതയുടെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചതോടെയാണ് ത്രിലോചനിലേക്ക് അന്വേഷണം എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു.
ഭർത്താവായ സുദാം നാഗിനെ ഒഴിവാക്കാനായി കബിതയും കാമുകന്മാരായ ത്രിലോചനും ജുബരാജ് സാഹുവും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടപ്പാക്കാൻ തോക്ക് വാങ്ങുന്നതിനായി പണം കണ്ടെത്താൻ കബിത തന്റെ വിവാഹസമയത്ത് അണിഞ്ഞ കെട്ടുതാലി പണയം വെക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് സംഘം തോക്കും തിരകളും സംഘടിപ്പിച്ചു. തുടർന്ന് മുൻകൂട്ടി തീരുമാനിച്ച പ്രകാരം നവംബർ 17-ന് രാത്രി സുദാമിനെ റോഡിൽ തടഞ്ഞുനിർത്തി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായ മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുത്തതായും സുബർണപൂർ പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












