ഏഷ്യൻ ഭൂഖണ്ഡത്തിൽ ചൈനയുമായുള്ള ശക്തി വ്യത്യാസം (Power Gap) എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ച് ഇന്ത്യയുടെ വൻ കുതിപ്പ്. ഓസ്‌ട്രേലിയൻ തിങ്ക് ടാങ്കായ ലോവി ഇൻസ്റ്റിറ്റ്യൂട്ട് (Lowy Institute) പുറത്തുവിട്ട 2026-ലെ ‘ഏഷ്യ പവർ ഇൻഡക്സ്’ (Asia Power Index) റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമികവും എടുത്തുപറയുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ കാര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് തൊട്ടുപിന്നിൽ ഏഷ്യയിലെ ഏറ്റവും ഫലപ്രദനായ രണ്ടാമത്തെ നേതാവായാണ് നരേന്ദ്ര മോദിയെ റിപ്പോർട്ട് വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രാദേശിക നേതൃത്വ സൂചികയിൽ (Regional Leadership) മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് മോദി രണ്ടാം സ്ഥാനത്തെത്തിയത്. ആഗോള തലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയിൽ തുടരുന്ന ഭരണസ്ഥിരതയും നയങ്ങളിലെ തുടർച്ചയുമാണ് മോദിക്ക് ഈ നേട്ടം സമ്മാനിച്ചതെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് അനലിസ്റ്റ് ജാക്ക് സാറ്റോ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തങ്ങളുടെ പദവികളിൽ ഉറച്ചുനിൽക്കുന്നത് ഇന്ത്യയുടെ നയതന്ത്ര വിശ്വാസ്യത വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്തോ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളെ വിലയിരുത്തുന്ന പട്ടികയിൽ 40.5 പോയിന്റോടെ അമേരിക്കയ്ക്കും (78.9) ചൈനയ്ക്കും (73.6) പിന്നിൽ മൂന്നാം സ്ഥാനം ഇന്ത്യ നിലനിർത്തി. 2018-ൽ സൂചിക ആരംഭിച്ചതിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തി വ്യത്യാസം ഇത്രയധികം കുറയുന്നത് ഇതാദ്യമാണ്. എങ്കിലും മൊത്തത്തിലുള്ള കരുത്തിൽ ചൈന ഇപ്പോഴും ഇന്ത്യയേക്കാൾ 80 ശതമാനം മുന്നിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമ്പത്തിക രംഗത്ത് ചില വെല്ലുവിളികൾ നേരിട്ടിട്ടും ഇന്ത്യ ഒരു പ്രധാന ഏഷ്യൻ ശക്തിയായി നിലയുറപ്പിച്ചുവെന്ന് ‘ഇന്ത്യ സ്വാധീനം വർധിപ്പിക്കുന്നു’ (India Gains Influence) എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പറയുന്നു. രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപത്തിലുണ്ടായ കുറവ് എന്നിവ കാരണം സാമ്പത്തിക ശേഷിയിൽ നേരിയ ഇടിവുണ്ടായെങ്കിലും (26.4 പോയിന്റ്), ഭാവി വിഭവങ്ങളുടെ (Future Resources) കാര്യത്തിൽ 56.2 പോയിന്റുമായി ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. പ്രതിരോധ ശൃംഖലകളിൽ 18.6 പോയിന്റോടെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ ഒൻപതാം സ്ഥാനത്തെത്തി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണവും ബ്രഹ്മോസ് (BrahMos) മിസൈൽ കയറ്റുമതിയുമാണ് ഇതിന് കരുത്തായത്.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളിലും ഇറാൻ യുദ്ധത്തിലും ഇന്ത്യ സ്വീകരിച്ച നിശബ്ദ നിലപാട് മോദിയുടെ ആഗോള നേതൃത്വ പ്രതിച്ഛായയെ നേരിയ തോതിൽ ബാധിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ വഹിച്ച പങ്കിലൂടെ പാക്കിസ്ഥാൻ പട്ടികയിൽ 16-ാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും, ഈ നേട്ടം ഭാവിയിൽ നിലനിർത്താൻ പാക്കിസ്ഥാന് കഴിയില്ലെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയുടെ വളർച്ചയെ പ്രശംസിച്ച് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീനും കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. ഏഷ്യയിലെ ആദ്യ പത്ത് ശക്തികളിൽ മുന്നേറ്റം രേഖപ്പെടുത്തിയ ഏക രാജ്യം ഇന്ത്യയാണെന്ന് അക്ബറുദ്ദീൻ എക്സിൽ കുറിച്ചപ്പോൾ, മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച മാറ്റങ്ങളുടെ തെളിവാണിതെന്ന് കിരൺ റിജിജു പ്രതികരിച്ചു.












