സംവിധായകൻ നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡിനെ’ (Ramayana: Rise of a Legend) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി സിനിമയെക്കുറിച്ച് പ്രത്യേക പരാമർശം നടത്തിയത്. സിനിമയിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും രാമായണത്തിന്റെ കഥ ഇന്നത്തെ യുവതലമുറയിലേക്ക് ശക്തമായി എത്തുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-ചരിത്ര ബന്ധങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ശ്രീരാമനെയും സീതാദേവിയെയും കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. ഇന്ത്യയിലെയും നേപ്പാളിലെയും യുവ ക്രിയേറ്റർമാർ ഒന്നിച്ച് പ്രവർത്തിക്കണമെന്നും, പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ ഇരുരാജ്യങ്ങളുടെയും പൈതൃകം ആഗോള വേദികളിൽ അവതരിപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അടുത്ത ‘വേവ്’ (WAVE) ഉച്ചകോടിയിൽ നേപ്പാളിൽ നിന്നുള്ള പുതിയ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018-ൽ താൻ നടത്തിയ ജനക്പൂർ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി, നേപ്പാൾ ഇല്ലാതെ ഇന്ത്യയിലെ പുണ്യതീർത്ഥാടന കേന്ദ്രങ്ങളും ശ്രീരാമന്റെ കഥയും അപൂർണ്ണമാണെന്ന് അന്ന് പറഞ്ഞ കാര്യവും ഓർമ്മിപ്പിച്ചു. സീതാദേവിയുടെ ജന്മസ്ഥലമായി കരുതപ്പെടുന്ന ജനക്പൂരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന ‘സരയൂ-കമല എക്സ്പ്രസ്’ ട്രെയിൻ സർവീസും ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. പങ്കിട്ട ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും നൂലിഴകളാൽ കോർത്തിണക്കപ്പെട്ടതാണ് ഇന്ത്യ-നേപ്പാൾ ബന്ധമെന്നും ശ്രീരാമനും മാതാ സീതയും തങ്ങളുടെ പൊതുവായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു.
വാൽമീകി രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ 2026 നവംബർ 5-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്തത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും എത്തുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം യഷ് ആണ് രാവണനായി വേഷമിടുന്നത്. രവി ദുബെ (ലക്ഷ്മണൻ), അരുൺ ഗോവിൽ (ദശരഥൻ), ലാറ ദത്ത (കൈകേയി), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നമിത് മൽഹോത്രയും യഷും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ലാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, അന്താരാഷ്ട്ര തലത്തിലും ചിത്രം വലിയ ശ്രദ്ധ നേടുകയാണ്. 57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (IFFI) ബ്രിക്സ് (BRICS) ചലച്ചിത്ര വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി ‘രാമായണ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, റോമിൽ വത്തിക്കാൻ കർദിനാൾ പീറ്റർ കോഡ്‌വോ ടർക്സണിനും കത്തോലിക്കാ സഭാ പ്രതിനിധികൾക്കുമായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇന്ത്യൻ ഇതിഹാസവും ബൈബിൾ കഥകളും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ കർദിനാൾ, ചിത്രത്തിന്റെ ദൃശ്യമികവിനെയും എ.ആർ. റഹ്മാന്റെ സംഗീതത്തെയും പ്രശംസിക്കുകയും ചെയ്തിരുന്നു.











