തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി പ്രതിക്ക് ഒരു മാസത്തെ സമയം കോടതി അനുവദിക്കുകയും, തുടർന്ന് ജാമ്യം നൽകുകയും ചെയ്തു.
2022 ജൂലൈ 4-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരിലെ അയ്യന്തോൾ എസ്.എൻ പാർക്കിന് സമീപത്തുവെച്ച് 14-ഉം 9-ഉം വയസ്സുള്ള പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ശ്രീജിത്ത് രവിക്കെതിരായ കേസ്. കറുത്ത കാറിലെത്തിയ ആളാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അയ്യന്തോൾ എസ്.എൻ പാർക്കിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറി. കാറിന്റെ വിവരങ്ങളും ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതി ശ്രീജിത്ത് രവിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. മുൻപ് പാലക്കാട് ജില്ലയിലും സമാനമായ കേസിൽ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുള്ളത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസിൽ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് തൃശൂർ പ്രത്യേക കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.












