ഗുരുനാനാക്ക് ദേവിന്റെ 557-ാമത് പ്രകാശ് പുരബിനോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പ്രത്യേക ശബദ് കീർത്തൻ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ തരണജിത് സിങ് സന്ധുവിന്റെ ഔദ്യോഗിക വസതിയായ ലോക് നിവാസിലായിരുന്നു ചടങ്ങ്. തിങ്കളാഴ്ച നടന്ന പരിപാടിയിൽ ഗുരുഗ്രന്ഥ സാഹിബിന് മുന്നിൽ ശിരസ്സ് നമസ്കരിച്ച പ്രധാനമന്ത്രി പ്രാർത്ഥനകളിലും കീർത്തനത്തിലും പങ്കുചേർന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത രാഗി ഹർജിന്ദർ സിങ് ശ്രീനഗർവാലെ ഗുരുവാണി കീർത്തനം അവതരിപ്പിച്ചു. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ഇത്തരത്തിലുള്ള ആദ്യ പ്രകാശ് പുരബ് ആഘോഷമാണിതെന്ന് തരണജിത് സിങ് സന്ധു വ്യക്തമാക്കി.
ഗുരുനാനാക്കിന്റെ ഉപദേശങ്ങൾ ഇന്ത്യയുടെ വികസന യാത്രയ്ക്ക് വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ച മോദി പറഞ്ഞു. ഗുരുവാണിയിലെ ഓരോ വാക്കും വെറും സംഗീതമല്ലെന്നും അതൊരു ആത്മീയ സാധനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കിരത് കരോ, വണ്ഡ് ഛക്കോ, നാം ജപോ’ എന്ന ഗുരുനാനാക്കിന്റെ സന്ദേശം തന്റെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സത്യസന്ധമായി അധ്വാനിക്കുക, ലഭിക്കുന്നതിൽ മറ്റുള്ളവരുമായി പങ്കുവെക്കുക, ദൈവനാമം സ്മരിക്കുക എന്നിവയാണ് ഈ സന്ദേശത്തിന്റെ പ്രധാന ആശയങ്ങൾ. ഗുരുദ്വാരകളിലെ പ്രാർത്ഥനകളിലും സേവന പ്രവർത്തനങ്ങളിലും ലംഗറിലും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഗുരു തേജ് ബഹാദൂറിന്റെ 350-ാമത് രക്തസാക്ഷിത്വ വാർഷികവും അദ്ദേഹം അനുസ്മരിച്ചു. മതവിശ്വാസത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിനായി ഗുരു തേജ് ബഹാദൂർ നടത്തിയ ത്യാഗം ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ അധ്യായമാണെന്നും മോദി പറഞ്ഞു. ഗുരു തേജ് ബഹാദൂറിന്റെ ത്യാഗം ഇന്നും രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാക്കളെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കുടുംബങ്ങൾ, ഗുരുദ്വാരകൾ, സാമൂഹിക സംഘടനകൾ എന്നിവ ഒന്നിച്ച് പ്രവർത്തിച്ചാൽ യുവാക്കളെ ശരിയായ വഴിയിലേക്ക് നയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുനാനാക്കിന്റെ ‘സർബത് ദാ ഭലാ’ എന്ന എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന സന്ദേശത്തിന് ഇന്നത്തെ ലോകത്ത് വലിയ പ്രസക്തിയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ സംഘർഷങ്ങളും അശാന്തിയും നിലനിൽക്കുന്ന സാഹചര്യത്തിൽ സമാധാനവും പരസ്പര ബഹുമാനവും ഉറപ്പാക്കാൻ ഈ സന്ദേശം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫിലിപ്പീൻസിലെ മനിലയിലുള്ള ഖൽസ ദിവാൻ ഗുരുദ്വാര സന്ദർശിച്ച കാര്യവും പ്രധാനമന്ത്രി പരാമർശിച്ചു. ഗുരുക്കന്മാരുടെ ഉപദേശങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കാനും സിഖ് പാരമ്പര്യത്തിന്റെ മഹത്വം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സർക്കാർ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.











