വെസ്റ്റ് ബംഗാൾ എന്ന പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഡിസംബർ ഒൻപതിന് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കൊൽക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇംഗ്ലീഷിലും ബംഗാളിയിലും ഹിന്ദിയിലും ഒരേപോലെ ‘പശ്ചിം ബംഗ’ എന്ന പേരായിരിക്കും ഉപയോഗിക്കുക.
1947-ലെ വിഭജനകാലത്ത് ജൂൺ 20-ന് സംസ്ഥാനം രൂപീകരിച്ച ചരിത്രവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഈ മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ ഇംഗ്ലീഷിൽ ‘ഡബ്ല്യു’ എന്ന അക്ഷരത്തിൽ തുടങ്ങുന്നതിനാൽ ഔദ്യോഗിക യോഗങ്ങളിലും മറ്റും സംസ്ഥാനത്തിന്റെ പേര് പട്ടികയുടെ അവസാനമാണ് വരുന്നത്. പുതിയ പേര് വരുന്നതോടെ ഇത് ‘പി’ എന്ന അക്ഷരത്തിലേക്ക് മാറുകയും പട്ടികയിൽ മുൻപന്തിയിൽ എത്തുകയും ചെയ്യും. മുൻപ് ഇടതുപക്ഷ സർക്കാരും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരും പേരുമാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാതെ പോയിരുന്നു. ബംഗ്ലാദേശുമായി പേരിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന ആശങ്കയും വിഭജന ചരിത്രവുമായി ബന്ധപ്പെട്ട എതിർപ്പുകളും കാരണമാണ് ‘ബംഗ്ല’ എന്ന മുൻ നിർദ്ദേശം മുന്നോട്ട് പോകാതിരുന്നത്.
ഡിസംബർ നാലു മുതൽ പതിനാല് വരെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. നിയമസഭയിൽ പ്രമേയം പാസാക്കിയ ശേഷം ഇത് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കും പാർലമെന്റിന്റെ അംഗീകാരത്തിനുമായി അയക്കും. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത ശേഷമേ ‘പശ്ചിം ബംഗ’ എന്ന പേര് ഔദ്യോഗികമായി നിലവിൽ വരൂ. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാരുകൾ അധികാരത്തിലുള്ളതിനാൽ ഈ നീക്കത്തിന് വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.












