തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഉണ്ടെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി പാർവതി തിരുവോത്ത്. അവതാരക രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 38-കാരിയായ താരം തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും, അത് തന്റെ ദൈനംദിന ജീവിതത്തെയും സിനിമാ തിരക്കുകളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും മനസ്സുതുറന്നത്.
നിലവിൽ യു.കെ, ഹൈദരാബാദ്, പാലക്കാട് എന്നിവിടങ്ങളിലായി വിവിധ സിനിമാ പ്രോജക്റ്റുകളുടെ തിരക്കിലാണ് പാർവതി. ഇത്രയധികം യാത്രകളും ജോലിത്തിരക്കുകളും എങ്ങനെയാണ് ഒരേസമയം കൃത്യമായി കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് താരം തന്റെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തിയത്. മുമ്പൊരിക്കലും ചെയ്യാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യാനും, കഠിനമായി പരിശ്രമിക്കാനും താൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് പാർവതി പറഞ്ഞു. “എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമയം എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ പ്രശ്‌നമല്ല. എനിക്ക് സമയം നീട്ടണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യും. സമയം എന്നത് ഇലാസ്റ്റിക് പോലെയാണ്. അതിനർത്ഥം ഞാൻ ഉറക്കം കളയുമെന്നല്ല; എനിക്കുള്ള ഉറക്കം ഞാൻ കണ്ടെത്തുക തന്നെ ചെയ്യും,” പാർവതി വ്യക്തമാക്കി.
ജീവിതത്തിലെ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും നേരിടുന്ന രീതിയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും താരം വാചാലയായി. “നിങ്ങൾ മരിക്കാനൊന്നും പോകുന്നില്ലല്ലോ? പിന്നെ എന്തുകൊണ്ട് പരീക്ഷിച്ചു കൂടാ? നമ്മൾ പരാജയപ്പെട്ടേക്കാം, പക്ഷേ അത് അന്തസ്സോടെയുള്ള പരാജയമായിരിക്കും. ചിലപ്പോൾ നിങ്ങൾ തകർന്നുപോയേക്കാം, എന്നാൽ അത് നിങ്ങളെ മറ്റൊരു രീതിയിൽ പുനർനിർമ്മിക്കും,” താരം പറഞ്ഞു.
മുമ്പ് തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായ ചട്ടക്കൂടുകളിലായിരുന്നുവെന്ന് പാർവതി ഓർമ്മിക്കുന്നു. “മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഞാൻ ആരോടും സംസാരിക്കാറില്ലായിരുന്നു. അന്നത്തെ പാർവതിക്ക് അത് ഗുണം ചെയ്തു, അവൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ഇന്ന് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഞാൻ അത് ആഘോഷിക്കും,” പാർവതി കൂട്ടിച്ചേർത്തു.
ചലച്ചിത്ര രംഗത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെയും വ്യക്തമായ നിലപാടുകളിലൂടെയും ശ്രദ്ധേയയായ പാർവതിയുടെ ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമുഖ വ്യക്തികൾ ഇത്തരത്തിൽ തങ്ങളുടെ ആരോഗ്യാവസ്ഥകളെക്കുറിച്ച് തുറന്നുസംസാരിക്കുന്നത് മാനസികാരോഗ്യത്തെയും ന്യൂറോഡൈവേഴ്‌സിറ്റിയെയും കുറിച്ചുള്ള പൊതുസമൂഹത്തിന്റെ അവബോധം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











