പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ (Bisleri International) ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) കർശന നടപടിയെടുത്തതിന് പിന്നാലെ, രാജ്യത്തുടനീളമുള്ള മറ്റ് കുപ്പിവെള്ള ബ്രാൻഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു. സുരക്ഷിതമല്ലാത്ത കുടിവെള്ള സാമ്പിൾ കണ്ടെത്തിയതിനെ തുടർന്ന് ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയ പശ്ചാത്തലത്തിലാണ്, വിപണിയിലുള്ള മറ്റ് പ്രമുഖ-പ്രാദേശിക കുപ്പിവെള്ള ബ്രാൻഡുകളുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധന ആരംഭിച്ചതായി എഫ്.എസ്.എസ്.എ.ഐ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ ബ്രാൻഡുകളുടെ കുപ്പിവെള്ള സാമ്പിളുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നും ഇവയുടെ ലാബ് പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. പൊതുജനാരോഗ്യം മുൻനിർത്തി കുടിവെള്ള വിപണിയിൽ നിരീക്ഷണവും ഗുണനിലവാര പരിശോധനകളും വരും ദിവസങ്ങളിലും കർശനമായി തുടരാനാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
ബിസ്‌ലേരിയുടെ കുപ്പിവെള്ള സാമ്പിൾ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയ വിവരം ഞായറാഴ്ചയാണ് എഫ്.എസ്.എസ്.എ.ഐ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. കുപ്പിവെള്ളത്തിൽ അമിതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് നടപടിയിലേക്ക് നയിച്ചത്.
അതേസമയം, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിസ്‌ലേരി ഇന്റർനാഷണൽ രംഗത്തെത്തി. പ്രോസിക്യൂഷൻ നടപടിയുമായി ബന്ധപ്പെട്ട് എഫ്.എസ്.എസ്.എ.ഐ-യിൽ നിന്ന് തങ്ങൾക്ക് ഇതുവരെ യാതൊരു ഔദ്യോഗിക നോട്ടീസും ലഭിച്ചിട്ടില്ലെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. തങ്ങളുടെ കുപ്പിവെള്ളം ഉപയോഗിക്കാൻ പൂർണ്ണമായും സുരക്ഷിതമാണെന്നും, വിഷയത്തിൽ വ്യക്തത വരുത്താൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി പൂർണ്ണമായി സഹകരിക്കുമെന്നും ബിസ്‌ലേരി അറിയിച്ചു.
സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതികളിലും സംശയം പ്രകടിപ്പിച്ച കമ്പനി, റഫറൽ ലബോറട്ടറിയിൽ നടത്തിയ തുടർ പരിശോധനയിൽ കുപ്പിവെള്ളത്തിലെ ബ്രോമേറ്റിന്റെ (Bromate) അളവ് അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് കണ്ടെത്തിയിരുന്നതായും അവകാശപ്പെട്ടു. രാജ്യത്തെ കുപ്പിവെള്ള വിപണിയിൽ വലിയ സ്വാധീനമുള്ള ബ്രാൻഡിനെതിരെ നടപടി വന്നതോടെ, സാധാരണക്കാർക്കിടയിലും കുപ്പിവെള്ളത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയും ചർച്ചകളുമാണ് ഉയർന്നിരിക്കുന്നത്.












