ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ അവരുടെ കുടുംബങ്ങളുടെ മുഴുവൻ സ്വപ്നങ്ങളാണ് തകർന്നടിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരിവിമുക്തമായ ഒരു യുവതലമുറയെ വാർത്തെടുക്കാൻ കുടുംബങ്ങളും ഗുരുദ്വാരകളും സാമൂഹിക സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും യുവാക്കൾക്ക് ശരിയായ പാത തിരഞ്ഞെടുക്കാനുള്ള കരുത്ത് പകരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യ സിഖ് ഗുരുവായ ശ്രീ ഗുരു നാനാക്ക് ദേവിന്റെ 557-ാം ജന്മവാർഷികമായ പ്രകാശ് പുരബിന് മുന്നോടിയായി ഡൽഹി ലോക് നിവാസിൽ നടന്ന ‘ശബദ് കീർത്തൻ’ (Shabad Kirtan) ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ഓരോ യുവാവും ലഹരിയിൽ നിന്ന് മുക്തരാകണമെന്നും, നന്നായി പഠിച്ച് മുന്നേറി സ്വന്തം കുടുംബത്തിനും രാജ്യത്തിനും അഭിമാനമായി മാറണമെന്നും മോദി ആശംസിച്ചു. ഇതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയും ഗുരു സാഹിബിന്റെ അനുഗ്രഹത്താലും പുതിയ തലമുറയ്ക്ക് സുരക്ഷിതവും ശോഭനവുമായ ഭാവി ഉറപ്പാക്കാൻ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 2029-ഓടെ ഇന്ത്യയെ പൂർണ്ണമായും ലഹരിമുക്തമാക്കാനുള്ള ലക്ഷ്യവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും അക്രമങ്ങളും നിരപരാധികളുടെ ജീവനെടുക്കുന്ന ഈ കാലഘട്ടത്തിൽ, ‘സർബത്ത് ദാ ഭലാ’ (എല്ലാവരുടെയും നന്മ) എന്ന ഗുരുബാണിയുടെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളിലും സമാധാനം പുലരാനും ഓരോ കുടുംബവും സുരക്ഷിതമായിരിക്കാനും ഈ ദർശനം അനിവാര്യമാണ്. ‘വികസിത ഭാരതം’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സിഖ് ഗുരുക്കന്മാരുടെ ആദർശങ്ങളും ത്യാഗങ്ങളുമാണ് രാജ്യത്തിന് വഴികാട്ടിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വത്തിന്റെ 350-ാം വാർഷികം കൂടിയാണ് ഇത്തവണത്തെ പ്രകാശ് പുരബിനെ കൂടുതൽ പവിത്രമാക്കുന്നതെന്ന് മോദി അനുസ്മരിച്ചു. രാജ്യത്തിന്റെ സ്വത്വവും വിശ്വാസവും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ഗുരുക്കന്മാരുടെ ത്യാഗം ഇന്നും ഇന്ത്യയുടെ മണ്ണിന് ഊർജ്ജം പകരുന്നു. ഫിലിപ്പീൻസ് സന്ദർശന വേളയിൽ ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ചരിത്രപ്രസിദ്ധമായ ഖൽസ ദിവാൻ ഗുരുദ്വാര സന്ദർശിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു.
തലപ്പാവ് ധരിച്ച് ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ പ്രണാമമർപ്പിച്ച പ്രധാനമന്ത്രി, ശബദ് കീർത്തൻ ശ്രവിച്ച ശേഷമാണ് മടങ്ങിയത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധുവിന്റെ ഔദ്യോഗിക വസതിയായ ലോക് നിവാസിൽ നടന്ന ചടങ്ങിൽ, ഗവർണർക്ക് പുറമെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും പങ്കെടുത്തു. ചൊവ്വാഴ്ചയാണ് രാജ്യമെമ്പാടും ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുന്നത്.











