ശാസ്താംകോട്ട (കൊല്ലം): സ്കൂളിലെ വിനോദയാത്രയ്ക്കിടെ ഉണ്ടായ സംഭവങ്ങളുടെ പേരിൽ അധ്യാപകരും പ്രിൻസിപ്പലും നടത്തിയ മാനസിക പീഡനത്തെത്തുടർന്ന് പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയതായി കുടുംബത്തിന്റെ പരാതി. ആനയടി ‘നിരഞ്ജന’ (പുതുവാര്യത്ത്) സന്തോഷിന്റെയും രാജിയുടെയും മകനും ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ നിരഞ്ജൻ (17) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കുടുംബം ശൂരനാട് പൊലീസിൽ പരാതി നൽകി.
നിരഞ്ജന്റെ ജന്മദിനത്തിന്റെ തലേന്നായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. പിറന്നാൾ ആഘോഷത്തിനായി അമ്മ രാജി മകനെ കൂട്ടിക്കൊണ്ടുപോയി പുതിയ വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങി നൽകിയിരുന്നു. സന്തോഷവാനായിരുന്ന മകന് വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച നിരഞ്ജന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മാതാപിതാക്കളും സഹോദരി നക്ഷത്രയും ചേർന്ന് കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ചത് കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു. തുടർന്ന് സഹപാഠികളും ഉറ്റവരും നാട്ടുകാരും ചേർന്ന് വിതുമ്പലോടെ നിരഞ്ജന് യാത്രാമൊഴിയേകി.
സ്കൂളിലെ വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനെ പരസ്യമായി അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയതും നിരഞ്ജന് കടുത്ത മനോവിഷമമുണ്ടാക്കി. ഇതാണ് മകനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി.
രാവിലെ പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുദർശനം അവസാനിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ വിദ്യാർഥികൾ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലീസ് പ്രിൻസിപ്പലിനെ സുരക്ഷിതമായി വീട്ടിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം ശാന്തമായത്.
അതേസമയം, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സ്കൂളിനെതിരെ പരാമർശമില്ലെന്നും, അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ശൂരനാട് പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, വിദ്യാർഥിയുടെ മരണവുമായി സ്കൂളിനോ അധ്യാപകർക്കോ യാതൊരു ബന്ധവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ശൂരനാട് പൊലീസ് എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി.












