പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നിർമ്മാണ മേഖലയ്ക്കും കരുത്തേകുന്ന 19,934 കോടി രൂപയുടെ അഞ്ച് പ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകി. വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അസമിലെ സിൽച്ചാറിലുള്ള ദൊളൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മിക്കാൻ തീരുമാനമായി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 2,014 കോടി രൂപ ചെലവിലാണ് ഈ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നത്. ഇതിന് പുറമെ തമിഴ്നാട്ടിലെ കാമരാജർ തുറമുഖത്ത് 4,288 കോടി രൂപ നിക്ഷേപത്തിൽ രണ്ടാമത്തെ കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കാനും മന്ത്രിസഭ അനുമതി നൽകി.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കുന്ന ഈ ടെർമിനൽ ചരക്കുനീക്കവും തുറമുഖ ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.
നിർമ്മാണ-അടിസ്ഥാന സൗകര്യ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 11,000 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചു. എട്ട് വർഷത്തേക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന ഈ പദ്ധതിയിലൂടെ ക്രെയിനുകൾ, ബുൾഡോസറുകൾ, ടണൽ ബോറിംഗ് മെഷീനുകൾ തുടങ്ങി ഏഴ് പ്രധാന വിഭാഗങ്ങളിലുള്ള യന്ത്രങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഗോള വിപണിയിൽ ഇന്ത്യൻ നിർമ്മാണ ഉപകരണങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും ഈ തീരുമാനം സഹായിക്കും.
തപാൽ ഓഫീസുകളെ ഗ്രാമീണ ബിസിനസ് കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തപാൽ പ്രവർത്തന പദ്ധതിയുടെ കാലാവധി നീട്ടാനും യോഗത്തിൽ തീരുമാനമായി. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും സാമ്പത്തിക ഇടപാടുകളും വേഗത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിലാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ വേഗത നൽകാൻ ഈ അഞ്ച് പദ്ധതികൾക്കും കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.










