ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന പുതുതലമുറ മിസൈലായ ‘ബ്രഹ്മോസ്-എൻജി’ (BrahMos Next Generation) വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട്. നിലവിലുള്ള ബ്രഹ്മോസ് മിസൈലിനേക്കാൾ ഭാരവും വലിപ്പവും കുറഞ്ഞതും എന്നാൽ കൂടുതൽ പ്രഹരശേഷിയുള്ളതുമായ പതിപ്പാണ് ഇത്. നിലവിലെ മിസൈലിന് ഏകദേശം മൂവായിരം കിലോഗ്രാം ഭാരവും എട്ട് മീറ്ററിലധികം നീളവുമുള്ളപ്പോൾ പുതിയ പതിപ്പിന് പകുതിയോളം ഭാരം മാത്രമേ ഉണ്ടാകൂ. ആറ് മീറ്റർ നീളവും അര മീറ്റർ വ്യാസവും മാത്രമുള്ള ഈ മിസൈൽ ഏത് യുദ്ധവിമാനത്തിലും എളുപ്പത്തിൽ ഘടിപ്പിക്കാൻ സാധിക്കും. തദ്ദേശീയമായി നിർമ്മിച്ച ഘടകങ്ങളുടെ അളവ് ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ടാണ് ഈ മിസൈൽ രൂപകൽപ്പന ചെയ്യുന്നത്. 2027-ഓടെയോ 2028-ഓടെയോ ഇതിന്റെ ആദ്യ മാതൃക പുറത്തിറക്കാനാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലക്ഷ്യമിടുന്നത്.
ഭാരം കുറയുന്നതോടെ യുദ്ധവിമാനങ്ങൾക്ക് കൂടുതൽ മിസൈലുകൾ ഒരേസമയം വഹിക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. നിലവിൽ സുഖോയ്-30 എംകെഐ വിമാനത്തിന് ഒരു ബ്രഹ്മോസ് മിസൈൽ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാൽ ബ്രഹ്മോസ്-എൻജി വരുന്നതോടെ സുഖോയ് വിമാനങ്ങൾക്ക് മൂന്നോ നാലോ മിസൈലുകൾ വരെ വഹിക്കാൻ സാധിക്കും. കൂടാതെ ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനമായ എൽസിഎ തേജസ്സിലും ഈ മിസൈൽ ഘടിപ്പിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന പതിപ്പാണ് നിർമ്മിക്കുന്നതെങ്കിലും പിന്നീട് കരസേനയ്ക്കും നാവികസേനയ്ക്കും അന്തർവാഹിനികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഇത് വികസിപ്പിക്കും. ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിക്കാൻ കഴിയുന്ന ആധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഇതിലുണ്ടാകും.
ദൂരപരിധി വർദ്ധിപ്പിക്കുന്നതിനായി 1,500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള പുതിയ ബ്രഹ്മോസ് പതിപ്പിനെക്കുറിച്ചുള്ള പ്രാഥമിക ആലോചനകളും ആരംഭിച്ചിട്ടുണ്ട്. റഷ്യൻ പങ്കാളികളുമായി ചേർന്നാണ് ഈ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈൽ കാഴ്ചവെച്ച കൃത്യതയും മികവും ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് തകർക്കാൻ കഴിയാത്ത വേഗതയാണ് ബ്രഹ്മോസിനെ വ്യത്യസ്തമാക്കുന്നത്. ഫിലിപ്പീൻസിന് പിന്നാലെ സുഖോയ് വിമാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് നിരവധി വിദേശ രാജ്യങ്ങളും ബ്രഹ്മോസ്-എൻജി സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.










